ഖാലിദ് മൂസ നദ്‌വിയെ സസ്‌പെന്റ് ചെയ്തു; ജമാഅത്തെ ഇസ്ലാമിയില്‍ പൊട്ടിത്തെറി

ഖാലിദ് മൂസാ നദ് വിയെ ജമാഅത്തെ ഇസ്ലാമിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കത്ത് ചോര്‍ത്തിയെന്നാരോപിച്ചാണ് ശൂറാ അംഗത്തിന്റെ സസ്‌പെന്‍ഷന്‍. അതേ സമയം മാധ്യമം, മീഡിയ വണ്‍ പ്രതിസന്ധിയുടെ പേരില്‍ അന്യായമായി 10 കോടി രൂപ പിരിക്കാനുള്ള നീക്കത്തിന് തടയിടാനാണ് യോഗ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് നദ് വിയുടെ നിലപാട്. ഇത് സംബന്ധിച്ച് വിവാദം കനക്കവെ ജമാഅത്ത് ജന. സെക്രട്ടറി എം കെ മുഹമ്മദലിയുടെതായി പുറത്തിറങ്ങിയതെന്ന് പറയുന്ന കത്ത് ഐ.ബി.സി ലൈവ് ന്യൂസിന് ലഭിച്ചു. കത്ത് താഴെ:

കത്തിന്റെ പൂര്‍ണ്ണരുപം

അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ്

സഹപ്രവര്‍ത്തകരുടെ ശ്രദ്ധ ഗൗരവപ്പെട്ട ഒരു വിഷയത്തിലേക്ക് ക്ഷണിക്കുകയാണ്. ജനാബ് ഖാലിദ് മൂസാ സാഹിബിനെ ഹല്‍ഖാ അമീര്‍ അന്വേഷണ വിധേയമായി ജമാഅത്ത് അംഗത്വത്തില്‍നിന്നും സസ്പന്റ് ചെയ്തിരിക്കുന്നു. മാധ്യമം ദിനപത്രത്തിലെ യൂനിയനുകള്‍ ശൂറക്ക് നല്‍കിയ കത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശൂറ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു.പ്രസ്തുത സമിതി പരാതിയില്‍ പരാമര്‍ശിച്ച യൂനിറ്റുകളും പ്രദേശങ്ങളും സന്ദര്‍ശിച്ച്,നിരവധിപേരുമായി മുലാഖാത്ത് നടത്തി പല സിറ്റിങ്ങുകളിലൂടെ ഒരു റിപ്പോര്‍ട്ട് 9-5 -19ന് ശൂറക്ക് സമര്‍പ്പിച്ചു. മീഖാത്ത് അവസാനിക്കാനായിരിക്കെ കഴിവതും നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന സമ്മര്‍ദ്ദം-ശൂറയുടെയും,ഹല്‍ഖാകേന്ദ്രത്തിന്റെയും ഭാഗത്ത് നിന്നും ഉണ്ടായതിനാല്‍ പരാതിയില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളുടേയും സര്‍വ്വവശങ്ങളും സൂക്ഷമമായി പഠിച്ച് ഒരു അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മറ്റിക്ക് സാധിച്ചിരുന്നില്ല.(ഇക്കാര്യം പ്രസ്തുത റിപ്പോര്‍ട്ടില്‍ അവര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്).ഈ സാഹചര്യത്തില്‍ ശൂറാ റിപ്പോര്‍ട്ടിലെ കണ്ടെത്തുലുകളുടേയും നിഗമനങ്ങളുടേയും ആധാകാരികത ഉറപ്പ് വരുത്താനും തുടര്‍ നടപടികള്‍ കൈകൊള്ളാനും ആവശ്യമായ തീരുമാനങ്ങള്‍ എടുത്തുകൊണ്ട് 22/5/19ന് വീണ്ടും ചേരാമെന്ന തീരുമാനത്തില്‍ പിരിഞ്ഞു. (മുഴു നീളം മൗനിയായി ഖാലിദ് സാഹിബും ഈ ശൂറയില്‍ ഉണ്ടായിരുന്നു). സൂക്ഷമമായി എഡിറ്റ് ചെയ്യപ്പെടാത്തതും കേട്ടുകേള്‍വികള്‍ വരെ ഉള്‍കൊളളുന്നതുമായ ഈ റിപ്പോര്‍ട്ട് ഒരു കാരണവശാലും പുറത്ത്‌പോകാന്‍ ഇടയാവരുതെന്നും സൂക്ഷമതക്ക് വേണ്ടി സോഫ്റ്റ് കോപ്പി ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യണമെന്നും അമീര്‍ പ്രത്യേകം ഉണര്‍ത്തിയിരുന്നു.എന്നാല്‍ഖാലിദ് സാഹിബ് ഈ റിപ്പോര്‍ട്ട് ശൂറക്ക് പുറത്തുള്ള പലര്‍ക്കും കൈമാറി. ഇതിലൂടെ അമീറിന്റെ കല്‍പന ലംഘിക്കുകയും ശൂറയോട് വഞ്ചന കാണിക്കുകയുമാണ് അദ്ദേഹം ചെയ്തത്.അതിന് അദ്ദേഹത്തിന്റെ ന്യായം 10 കോടി പിരിക്കാനുള്ള ശൂറയുടെ നീക്കത്തെ പ്രവര്‍ത്തക സമ്മര്‍ദ്ദത്തിലൂടെ തടയിടാനാണെന്നാണ്. വാസ്തവത്തില്‍ ശൂറ അങ്ങിനെ ഒരു തീരുമാനം എടുത്തിട്ടില്ല. എങ്കില്‍പിന്നെ ഈ റമദാനില്‍ തന്നെ തിരക്കുപിടിച്ച് ഒരു യോഗവുംകൂടി തീരുമാനിക്കുകയില്ലല്ലോ…?.
ഇത്രയും വിശദമായി പറയാന്‍കാരണം പ്രസ്ഥാനത്തിനും മാധ്യമത്തിനും ഒരു ഗുണവും വരുത്താത്തതും കുറേ ക്ഷതങ്ങള്‍ വരുത്തുന്നതുമായ ചര്‍ച്ചകളാണ് ഈ റിപ്പോര്‍ട്ട് ചോര്‍ത്തിയതിലൂടെ ഉണ്ടാവാനിടയുള്ളത്. അവിടെ നമ്മള്‍ ജാഗ്രത കൈകൊള്ളണമെന്ന് പ്രത്യേകം ഉണര്‍ത്തുന്നു.

അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ…ആമീന്‍

എം.കെ. മുഹമ്മദലി
ജനറല്‍ സെക്രട്ടറി
JIH കേരള