ഖജുരാഹോ: ശിലാശില്പങ്ങളുടെ പറുദീസ

വിപിൻ കുമാർ

ക്ഷേത്ര ശില്പങ്ങളുടെ വിസ്മയലോകമാണ് ഖജുരാഹോ. മനുഷ്യരാശിയുടെ ധന്യ പൈതൃകമായി യുനെസ്കോ അംഗീകരിച്ച വിഖ്യാത നിർമിതികളുടെ കൂട്ടത്തിൽ ഇവിടുത്തെ ക്ഷേത്രസമുച്ചയത്തെ ഉൾപ്പെടുത്തിയിരിക്കുന്നു. മധ്യപ്രദേശിൽ ഝാൻസിക്കടുത്തുള്ള ഒരു ചെറു ഗ്രാമമാണ് ഖജുരാഹോ. എ.ഡി. 950 മുതൽ 1050 വരെ ഇവിടം ഭരിച്ചിരുന്ന ചന്ദേലാ വംശത്തിൽപെട്ട രാജാക്കൻമാരാണ് ഖജുരാഹോ ക്ഷേത്രങ്ങൾ നിർമിച്ചത്. വെറും നൂറുകൊല്ലംകൊണ്ട് ഒരു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 85 ഓളം ക്ഷേത്രങ്ങൾ. അതും വിസ്മയാവഹമായ വാസ്തുശില്പ സൗന്ദര്യം തുളുമ്പുന്നവ.

ഗ്രാമത്തിലെമ്പാടും സമൃദ്ധമായി കാണുന്ന ഖജുർ (ഈന്തപ്പന) മരങ്ങളിൽ നിന്നാണ് ഈ പ്രദേശത്തിന് ഖജുരാഹോ എന്ന പേര് വന്നത്. നൂറുകൊല്ലത്തോളം മാത്രം ഭരിച്ച ഒരു രാജവംശമാണ് ഇത്തരമൊരു ബൃഹത്തായ സമുച്ചയം നിർമിച്ചത്. ഇന്ത്യയിൽ മറ്റു പ്രദേശങ്ങളിലെ ക്ഷേത്ര വാസ്തുശില്പമാതൃകയിൽ നിന്നു വ്യത്യസ്തമായി ഉയരമുള്ള വിസ്തൃതമായ ഒരു മണ്ഡപത്തിനു മേലാണ് ക്ഷേത്രങ്ങൾ നിർമിച്ചിരിക്കുന്നത്. മുകളിലേക്കുയർന്ന് ശിഖരങ്ങളായി പിരിയുന്നു. ഒന്നിടവിട്ട് മുഖപ്പുകളും ചുവരുകളിൽ നിഴൽ ചിത്രമെഴുതുന്ന ഒളിമൂലകളുമുണ്ട്.

ക്ഷേത്രത്തിന്റെ മാതൃകകളല്ല അവിടത്തെ ശില്പങ്ങളാണ് ഖജുരാഹോയെ പ്രശസ്തമാക്കുന്നത്. എല്ലാ ശില്പങ്ങളിലും കർതൃസ്ഥാനത്ത് സ്ത്രീയാണ്. സ്ത്രൈണ ഭാവങ്ങളെല്ലാം അതിന്റെ പരമാവധിയിൽ ആവിഷ്കരിച്ചിരിക്കുന്നു. അതിൽ തന്നെ പ്രധാനം ശൃംഗാര – രതി ഭാവങ്ങളാണ്. അപ്സരസുകളാണ് നായികമാർ. കണ്ണെഴുതുന്ന സുന്ദരി, കണ്ണാടി നോക്കുന്ന സുന്ദരി, പ്രണയ ലേഖനമെഴുതുന്നവൾ, ചേല ചുറ്റുന്നവൾ, ആഭരണമണിയുന്നവൾ, നർത്തനമാടുന്നവൾ, തിലകം ചാർത്തുന്നവൾ എന്നിങ്ങനെ ഒരു വിഭാഗം. ഭ്രാന്തമായ രതികല്പനകൾ ശ്ലീലാശ്ലീല വിവേചനമില്ലാതെയുണ്ട്; സ്വവർഗരതി, സമൂഹരതി, മൃഗരതി എന്നിവ ശില്പ രൂപത്തിലുണ്ട്.

ഇവിടത്തെ ആൾ രൂപങ്ങളൊന്നും നിശ്ചല ദൃശ്യങ്ങളായി തോന്നില്ല. ചടുലവും ചലനാത്മകവുമാണ് ഓരോ ശില്പവും. മടുലകർമ ങ്ങളിൽ മുഴുകിയവരാണ് ഓരോ കഥാപാത്രങ്ങളും. മനുഷ്യ രൂപങ്ങളെ ആവിഷ്കരിക്കുന്നത് ഭാരതീയമായ ശില്പകലാ സങ്കേതങ്ങളിൽ തന്നെ. കൃത്യമായ ശരീരശാസ്ത്ര സവിശേഷതകൾ അവ പാലിക്കുന്നില്ല. ഒടിവുകളേക്കാൾ വളവുകളാണ് ഉള്ളത്.

മധ്യകാല ഭാരതത്തിൽ ശക്തമായി നിലനിന്നിരുന്ന പല ചിന്താധാരകളുടെയും സ്വാധീനം ഖജുരാഹോയിൽ നിന്ന് വായിച്ചെടുക്കാം. ജൈന – ശൈവ-വൈഷ്ണവ – താന്ത്രിക മതങ്ങളുടെ ക്ഷേത്രങ്ങൾ ഇവിടുണ്ട്. ഈശ്വര ആരാധനയ്ക്കുള്ള ക്ഷേത്രങ്ങളുടെ ഭിത്തികളിൽ ഇങ്ങനെ ഇടതൂർന്ന വിധം രതി ശില്പങ്ങൾ നിറച്ചുവയ്ക്കാനുള്ള കാരണം വ്യക്തമല്ല. ജീവിതത്തെ അതിന്റെ സകലവിധ സുഖഭോഗ സാധ്യതകളോടും കൂടി അന്നത്തെ ജനത ആസാദിച്ചനുഭവിച്ചതിന്റെ സൂചനയാവാം.

ചന്ദേലാ രാജവംശം നാമാവശേഷമായതോടെ ഖജുരാഹോയും മറവിയിലാണ്ടു. ആയിരം വർഷത്തോളം കാടുപിടിച്ച് നശിച്ചു കിടന്ന ക്ഷേത്രങ്ങളെ കണ്ടു പിടിച്ചത് 1838 ൽ ക്യാപ്റ്റൻ TS ബർട്ട് എന്ന ഇംഗ്ലീഷ് എൻജിനീയറായിരുന്നു. അപ്പോഴേക്കും എൺപതോളം ക്ഷേത്രങ്ങൾ നശിച്ചുപോയി. ശേഷിച്ചവ ഭാരതീയ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുന്നു.

ലോകമെമ്പാടു നിന്നുമുള്ള വിനോദ സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തുന്നു. വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ച് ഒരു വിമാനത്താവളവും ഇവിടെയുണ്ട്. സെപ്റ്റംബർ മുതൽ മാർച്ച് വരെയാണ് സഞ്ചാരികളുടെ തിരക്ക് കൂടുതൽ. ഫെബ്രുവരിയിലെ ഖജുരാഹോ നൃത്തോൽസവം ലോകപ്രശസ്തമാണ്.

ഖജുരാഹോവിൽ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങൾ
1. കന്ദരിയ മഹാദേവക്ഷേത്രം
2. ലക്ഷ്മണ ക്ഷേത്രം
3. ചിത്രഗുപ്ത ക്ഷേത്രം
4. വിശ്വനാഥ ക്ഷേത്രം
5. മാതംഗേശ്വര ക്ഷേത്രം
6. പാർശ്വനാഥ(ജൈനതീർഥങ്കര) ക്ഷേത്രം

കന്ദരിയ മഹാദേവ ക്ഷേത്രമാണ് കൂട്ടത്തിൽ ഏറ്റവും വലുത്. 900 ത്തോളം തൂണുകളുള്ള ഈ ക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന് 31 മീറ്റർ ഉയരമുണ്ട്. പ്രധാന ഗോപുരത്തെച്ചുറ്റി 84 ചെറു ഗോപുരങ്ങളുമുണ്ട്. കന്ദരിയക്ഷേത്രത്തിന്റെ ചുവരുകളിലാണ് അപ്സരസുകളേറെയും.