കർഷക ആത്മഹത്യ: കൃഷിമന്ത്രി നാളെ ഇടുക്കി സന്ദർശിക്കും

ഇടുക്കി: കര്‍ഷക ആത്മഹത്യകള്‍ തുടരുന്ന സാഹചര്യത്തില്‍ കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ നാളെ ഇടുക്കി സന്ദര്‍ശിക്കും. ജില്ലാതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ മന്ത്രി പങ്കെടുക്കും. അതേസമയം, മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം അല്‍പസമയത്തിനുള്ളില്‍ നടക്കും.

പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ കാര്‍ഷിക മേഖലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ്. മൊറട്ടോറിയം നിലനില്‍ക്കെ വായ്പാ തിരിച്ചടവിന് ബാങ്കുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരുടെ എണ്ണം പെരുകി. പ്രളയ ശേഷം ഇടുക്കിയില്‍ മാത്രം ആറ് കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് കണക്ക്. പതിനയ്യായിരത്തോളം കർഷകർക്കാണ് ബാങ്കുകളുടെ ജപ്തി നോട്ടീസ് കിട്ടിയത്.