ക്ഷേത്രാരാധന സമ്പ്രദായത്തിന്റെ സ്വത്വമായ ചില ആചാരങ്ങളെ മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തിനാണ്..?

പുടയൂർ ജയനാരായണൻ

ആചാരമെന്ന വാക്ക് പലവുരു പറഞ്ഞ് മടുത്ത് തുടങ്ങിയിരിക്കുന്നു. എന്നാൽ വീണ്ടുമൊരു ആചാരലംഘനത്തിന് പിന്നണിയിൽ ചരടുവലി നടക്കുമ്പോൾ അത് വിളിച്ച് പറയാതെ വയ്യല്ലോ. അതെ.. അതിനാൽ അത് വീണ്ടും വീണ്ടും വിളിച്ച് പറഞ്ഞ് കൊണ്ടേയിരിക്കുന്നു.

ക്ഷേത്രത്തിനകത്ത് ഷർട്ട് ധരിച്ച് കയറാൻ അനുമതി തേടി തൃശ്ശൂർ സ്വദേശിയായ അഭിലാഷ് എന്നയാൾ 2018 ഒക്ടോബറിൽ ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രന് നൽകിയ നിവേദനത്തിൻ മേൽ തുടർനടപടികൾക്കായി ദേവസ്വം ബോർഡ് അയച്ച കത്താണ് വിഷയം. പുരുഷൻമാർ ക്ഷേത്ര കോവിലിനുള്ളിൽ ഷർട്ട് ധരിച്ച് പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി തേടി സമർപ്പിച്ച നിവേദനത്തിൻമേൽ തന്ത്രിമാരുടെ അഭിപ്രായം ശേഖരിച്ച് റിപ്പോർട്ട് നൽകണം എന്നാണ് കത്തിന്റെ ഉള്ളടക്കം.

ഇവിടെ ശ്രദ്ധേയമായതും ഗൗരവമേറിയതുമായ വിഷയം ദേവസ്വം ബോർഡിന്റെ കത്തിലേ ക്ഷേത്ര കോവിൽ എന്ന വാക്കാണ്. ഒറ്റ നോട്ടത്തിൽ അസ്വാഭാവികതയൊന്നുമില്ല എന്ന് തോന്നുമെങ്കിലും അതിൽ പതിയിരിക്കുന്ന അപകടം മനസിലാകണമെങ്കിൽ P. G അഭിലാഷിന്റെ പ്രസ്തുത നിവേദനം കൂടി വായിച്ച് നോക്കേണ്ടതുണ്ട്. അത് അവസാനിപ്പിക്കുന്നത് ഇങ്ങിനെയാണ് “I humbly request devaswam department to issue an order with immediate effect with in 30 days from receive this letter, instructing all temple administration under devaswam department to allow gents and boys
to ware shirt fully while entering temples and “Sreekovil”. (ഈ എഴുത്ത് കിട്ടി മുപ്പത് ദിവസത്തിനകം ക്ഷേത്രങ്ങളിലും “ശ്രീകോവിലുകളിലും” ഷർട്ട് ധരിച്ച് പ്രവേശിക്കാൻ അനുവാദം കൊടുക്കാൻ ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്ര ഭരണാധികാരികൾക്ക് ഉത്തരവ് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.) ഇതാണ് PG അഭിലാഷിന്റെ നിവേദനത്തിലെ ഏറ്റവും കാതലായ ഭാഗം. ദേവസ്വം ബോർഡിന്റെ കത്തിലെ “ക്ഷേത്ര കോവിൽ” എന്ന വാക്കിന്റെ യഥാർത്ഥ തലം എന്തെന്ന് ഇതിൽ നിന്ന് സ്പഷ്ടമാണല്ലോ.

കോടതികളിലിന്നും ബ്രിട്ടീഷ് ആചാര ഗൗണുകൾ ഉപേക്ഷിക്കാത്തതെന്താണ്..? വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങുകളിൽ ഗൗണും, തൊപ്പിയുമൊക്കെ ധരിക്കുന്നത് എന്ത് കൊണ്ടാണ്..? കാലികമല്ലാത്ത അത്തരം ആചാരങ്ങൾ തുടരുമ്പോളും ക്ഷേത്രാരാധന സമ്പ്രദായത്തിന്റെ സ്വത്വമായ ചില ആചാരങ്ങളെ മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തിനാണ്..?
ആചാരമില്ലാതെയാക്കുക എന്നാൽ സ്വത്വം ഇല്ലാതെയാക്കലാണ് എന്ന സത്യം ഇനിയും മനസിലായിട്ടില്ലാത്ത ഒരു സമൂഹമാണ് ഹിന്ദുക്കളുടേത്.

ചെറുതും വലുതുമായ, ദേവസ്വം ബോർഡുകൾക്ക് കീഴിലും, അല്ലാതെയുമായി ഏതാണ്ട് നാൽപ്പതിനായിരത്തോളം ക്ഷേത്രങ്ങളുണ്ട് കേരളത്തിൽ എന്നാണ് കണക്ക്. തികച്ചും കേരളീയമായതും വ്യതിരിക്തവുമായ ആചാര പദ്ധതികൾ പിന്തുടരുന്നവയാണ് ആ ക്ഷേത്രങ്ങൾ എല്ലാം. അവിടങ്ങളിലെ വൈവിധ്യപൂർണ്ണമായ ആചാരങ്ങളെ എല്ലാം ബാധിക്കുന്നതാണ് പ്രസ്തുത വിഷയം. അതിനാൽ ഇക്കാര്യത്തിൽ ശബരിമല മോഡൽ നവോദ്ധാനത്തിന് പുറപ്പെട്ട് ആചാരങ്ങളുടെ പവിത്രതയും, ക്ഷേത്രങ്ങളുടെ സ്വത്വവും നശിപ്പിക്കരുത് എന്നാണ് വിനീതമായ അഭ്യർത്ഥന.

ക്ഷേത്രങ്ങൾ ഒരിക്കലുമൊരു പിക്നിക് സ്പോട്ട് അല്ല.. ഒരു പ്രയർ ഹാളുമല്ല. ചില പ്രത്യേക സങ്കേതങ്ങളാൽ സംവിധാനം ചെയ്തിരിക്കുന്ന ആരാധനാലയങ്ങൾ ആണ്.. അവിടെ നിശ്ചയമായും ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട്.

ഒന്നുകൂടി പറയട്ടെ ആചാരങ്ങൾ ഇല്ലാതെയാക്കുവാനല്ല, കേരളീയ ആരാധനാക്രമത്തിന്റെ സ്വത്വമായ ആചാരങ്ങളെ നിലനിർത്താൻ പ്രതിജ്ഞാബദ്ധമാണ് കേരളത്തിലെ തന്ത്രി സമൂഹം.