ക്ലീനറും തോട്ടക്കാരനുമടക്കം166 ഒഴിവുകള്‍ ; അപേക്ഷകര്‍ അഞ്ച് ലക്ഷം

പാറ്റ്‌ന: 166 ഒഴിവുകളിലേക്ക് അഞ്ചുലക്ഷം ഉദ്യോഗാര്‍ഥികലാണ് അപേക്ഷകരായിട്ടുള്ളത്. ഗ്രേഡ് 4 തസ്തികയിലേക്ക് അപേക്ഷിച്ചവരാകട്ടെ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരും. ഡ്രൈവര്‍, അറ്റന്റര്‍, വാച്ച്മാന്‍, ശുചീകരണത്തൊഴിലാളികള്‍ എന്നീ തസ്തികകളിലേക്കാണ് ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരുടെ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്. ബിഹാര്‍ സര്‍ക്കാരിന്റെ തൊഴില്‍ പരസ്യത്തിലാണ് ഉദ്യോഗാര്‍ഥികളുടെ ഞെട്ടിക്കുന്ന പ്രതികരണം

പ്രതിമാസം 18000 മുതലാണ് ഈ ജോലികള്‍ക്ക് ശമ്പളമായി ലഭിക്കുക.10 ക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാമെന്നിരിക്കെ ബിരുദാനന്തര ബിരുദത്തിനും മുകളിലുള്ളവരാണ് അപേക്ഷകരില്‍ ഭൂരിഭാഗവും.ബിരുദം നേടിയിട്ടും അതിനുമുകളില്‍ പഠനം പൂര്‍ത്തിയാക്കിയിട്ടും തൊഴില്‍ ലഭിക്കാത്തതിനാലാണ് ഡ്രൈവര്‍ ജോലിക്കും മറ്റും അപേക്ഷിക്കുന്നതെന്ന് ഉഗ്യോഗാര്‍ഥികള്‍ പറഞ്ഞു. ബീഹാര്‍ സെക്രട്ടേറിയേറ്റല്‍ ദിവസേന രണ്ടായിരത്തിലധികം പേരാണ് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകുന്നത്.

രാജ്യത്തെ തൊഴിലില്ലായ്മയുടെ തീവ്രത തുറന്നുകാട്ടുന്ന സംഭവമാണ് ഇത്. മെയ് മാസത്തില്‍ തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ 2017-18 ല്‍ മൊത്തം തൊഴിലാളികളുടെ 6.1 ശതമാനം ആണ്. ഇത് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. മെയ് 30 ന് നരേന്ദ്ര മോഡി 2.0 കാബിനറ്റ് ചുമതലയേറ്റ ദിവസം ഈ കണക്കുകള്‍ പുറത്തുവന്നിരുന്നു.