ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുന്നു; ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാർട്ടൂണിനെതിരെ കെസിബിസി

കോട്ടയം: കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാർട്ടൂണിനെതിരെ വിമര്‍ശനവുമായി കെസിബിസി. ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുത്തിരിക്കുന്ന കാർട്ടൂൺ അങ്ങേയറ്റം പ്രകോപനപരവും പ്രതിക്ഷേധാർഹവുമാണെന്ന്‌ കെ സി ബി സി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ക്രിസ്ത്യൻ ന്യൂനപക്ഷം ഇലക്ഷനിൽ ഒപ്പം നിന്നില്ല എന്ന മാർക്സിസ്റ്റു പാർട്ടിയുടെ വിലയിരുത്തലാണോ കാർട്ടൂൺ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പിന്നിലുള്ള പ്രചോദനം എന്നു സംശയിക്കുന്നു. ബിഷപ് ഫ്രാങ്കോയുടെ പേരുപറഞ്ഞു ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ചു അവഹേളിച്ചിരിക്കുന്നത്. ഈ വികല ചിത്രത്തിനാണ് കേരളത്തിലെ ഇടതു സർക്കാർ പുരസ്‌കാരം നൽകി ആദരിച്ചിരിക്കുന്നത്.

പുരസ്‌കാരം പിൻവലിച്ചു, ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും, മത പ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പുപറയാൻ കേരള ലളിതകലാ അക്കാദമി ഭാരവാഹികൾ തയ്യാറാകണം. ഇതാണോ ഇടതു സർക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും എന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കണം- കെ സി ബി സി വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.