ക്രിമിനലുകളെ പോലീസിൽ എടുക്കാൻ പറ്റില്ല:മന്ത്രി ജി.സുധാകരൻ

തിരുവനന്തപുരം:ക്രിമിനലുകളെ പോലീസിൽ എടുക്കാനാകില്ലെന്ന് മന്ത്രി ജി.സുധാകരൻ.യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥി അഖിലിനെ എസ്എഫ്ഐ പ്രവർത്തകർ കുത്തിപരിക്കേൽപ്പിച്ച സംഭവത്തെ അപലപിച്ചു കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.

ക്രിമിനലുകൾ എങ്ങനെ എസ്എഫ്ഐ ഭാരവാഹികളായെന്നും,കയ്യിൽ കത്തിയും,കഠാരയുമായി സംഘടനാ പ്രവർത്തനം നടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.ഇവർ ഒളിവിൽ പോയത് ചെയ്‌ത തെറ്റിൽ കുറ്റബോധം ഇല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അക്രമത്തിലെ പ്രതികളിൽ പലരും പോലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരാണ്.ഇവരെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നുവെന്ന ആരോപണം ശക്തമായി നിലനിൽക്കുന്നുണ്ട്. കേസിൽ പോലീസ് ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.നാല് പേരാണ് ഇന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.