ക്യാമ്പസിൽ കാര്‍ റേസിങ്; വാഹനത്തില്‍ നിന്ന് വീണ് രണ്ടു വിദ്യാർത്ഥികൾക്ക് പരുക്ക്‌

തിരുവല്ല: ആലപ്പുഴയിൽ കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥികളുടെ കാര്‍ റേസിങ്. എടത്വ സെന്റ് അലോഷ്യസ് കോളജ് ക്യാംപസിലാണ് നിയമവിരുദ്ധ ആഘോഷം നടന്നത്. റേസിങ്ങിനിടെ രണ്ടുപേര്‍ വാഹനത്തില്‍ നിന്ന് തെറിച്ചുവീണു. ബൈക്കിലും വിദ്യാര്‍ഥികള്‍ അഭ്യാസപ്രകടനം നടത്തി.

ബികോം വിദ്യാർഥികളുടെ യാത്രയയപ്പ്‌ ദിനത്തിലാണ് കോളേജ് ക്യാമ്പസിനുള്ളിലെ സാഹസിക പ്രകടനങ്ങൾ നടത്തിയത്. കോളേജിന്‍റെ അനുമതിയില്ലാതെയാണ് പരിപാടി നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി കോളേജ് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്.

ക്യാംപസിനുള്ളിൽ വിദ്യാർഥികളുടെ സാഹസിക പ്രകടനങ്ങൾ അതിരു വിടുന്നത് ഇത് ആദ്യമായല്ല. നേരത്തെ തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനിയറിംഗ് കോളേജിൽ ഓണാഘോഷ ചടങ്ങുകൾക്കിടെ ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ചിരുന്നു. കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനിയറിംഗ് കോളേജിൽ മോട്ടോർ എക്സ്പോയ്ക്കിടെ അപകടമുണ്ടായതും ഈയിടെയായിരുന്നു.