ക്യാപ്റ്റനിലെ വീഡിയോ ഗാനം പുറത്ത്

വിപി സത്യന്റെ ജീവിതകഥ ആസ്പദമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം ക്യാപ്റ്റനിലെ പാല്‍ത്തിര പാടും വീഡിയോ ഗാനം പുറത്ത്. ശ്രേയ ഘോഷാലാണ് ഗാനമാലപിച്ചിരിക്കുന്നത്. ഗോപീ സുന്ദറാണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്.

ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ ഇതിഹാസതാരമായ വി.പി. സത്യന്‍റെ ജീവിതം സംഭവബഹുലമായ മുഹൂർത്തങ്ങളാക്കി ദൃശ്യവത്കരിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ.കേരള പൊലീസ് ടീമില്‍ അംഗമായിരുന്ന സത്യന്‍ ഇന്ത്യന്‍ ടീമിന്റെ തലപ്പത്തേക്ക് എത്തിയ താരമാണ്. 1992-ൽ സന്തോഷ് ട്രോഫി കേരളത്തിൽ ആവേശകരമായി സംഘടിപ്പിച്ചപ്പോൾ വി.പി. സത്യൻ എന്ന കരുത്തനായ കളിക്കാരനായിരുന്നു ക്യാപ്റ്റൻ.

ഫുട്ബോൾ രംഗത്ത് ജീവിതം സമർപ്പിച്ച് ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കിയ വി.പി. സത്യന് അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്ന സത്യത്തിന്‍റെ നേർക്കാണ് പ്രജേഷ് സെൻ ക്യാമറവെച്ചത്.

ജയസൂര്യ ആദ്യമായാണ് ഫുട്ബോൾ കളിക്കാരന്‍റെ വേഷത്തിലെത്തുന്നത്. വി.പി. സത്യന്‍റെ ഭാര്യയായ അനിത സത്യനെ അനു സിതാര അവതരിപ്പിക്കുന്നു.

സിദ്ധിഖ്, രണ്‍ജി പണിക്കര്‍, ദീപക് പറമ്പോല്‍, സൈജു കുറുപ്പ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റോബി വർഗീസ് രാജാണ് ഛായാഗ്രഹണം നിർവഹിക്കുന്തന്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിച്ചത്.