കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംപി എ പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംപി എ പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു. ദില്ലിയിൽ അശോക റോഡിലെ ബിജെപി ഓഫീസിൽ വച്ച് പാർട്ടി പ്രവർത്തനാധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് അബ്ദുള്ളക്കുട്ടി അംഗത്വം ഏറ്റുവാങ്ങിയത്. ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, വി മുരളീധരൻ, രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖർ എന്നിവർ പങ്കെടുത്തു.

ബിജെപിയിൽ ചേർന്നതോടെ താൻ ദേശീയ മുസ്ലീമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലീങ്ങൾക്കും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാനാണ് ഇനി താൻ പ്രവർത്തിക്കുകയെന്നും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്ന് എ പി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു . ഇങ്ങനെ മോദിയെ പുകഴ്ത്തിയതിനാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ് പുറത്താക്കിയത്. അതിനും മുമ്പ് സിപിഎം അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതും ഇതേ കാരണത്തിന് തന്നെ.