കോൺഗ്രസിന്റെ വര്‍ഗീയവാദിയെന്ന പ്രചാരണം തിരിച്ചടിയായി: കുമ്മനം

തിരുവനന്തപുരം : താന്‍ വര്‍ഗീയവാദിയാണെന്ന കോണ്‍ഗ്രസ്സിന്റെ വ്യാപകപ്രചാരണമാണ് തിരിച്ചടിയായതെന്നു കുമ്മനം രാജശേഖരന്‍. നിലയ്ക്കലിലും മാറാട്ടും പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ഇടപെട്ടത്. തനിക്കെതിരായ കെ.പി.സി.സി പ്രസിഡന്റിന്റെ ആരോപണങ്ങള്‍ ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു .

ബി.ജെ.പി ഏറെ പ്രതീക്ഷയര്‍പ്പിച്ച മണ്ഡലമായിരുന്നു തിരുവനന്തപുരം. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്കാണ് യു ഡി എഫ് സ്ഥാനാര്‍ഥി ശശി തരൂരിനോട് പരാജയപ്പെട്ടത്. കുമ്മനം ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് തിരഞ്ഞെടുപ്പിനെക്കുറിച്ച്‌ പ്രതികരിച്ചത് . ഒരു ലക്ഷത്തിലേറെ വോട്ടിനായിരുന്നു കുമ്മനത്തിന്റെ തോല്‍വി.

എനിക്ക് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുവാനും കാര്യങ്ങള്‍ ചെയ്യുവാനും സാധിക്കുമെന്ന പ്രതീക്ഷയുണ്ട്. ഭാരതമാകെ എന്‍ഡിഎയ്ക്ക് അനുകൂലമായി വിധി നല്‍കിയപ്പോള്‍ കേരളം മറിച്ച്‌ വിധി നല്‍കി. എങ്കിലും എനിക്ക് പ്രതീക്ഷയുണ്ട്. കേരളത്തില്‍ എന്‍ഡിഎയുടെ വോട്ട് വര്‍ധിച്ചു. ഭാവികേരളം എന്‍ഡിഎയുടെ കയ്യിലായിരിക്കും. എന്‍ഡിഎ കൈവരിച്ച്‌ ഉജ്ജ്വലനേട്ടം കേരളത്തിനും വരുംകാലങ്ങളില്‍ നേട്ടം നല്‍കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.