കോഹ്‌ലി മിന്നി: ദക്ഷിണാഫ്രിക്കയ്ക്ക് 304 റണ്‍സ് വിജയലക്ഷ്യം

കേപ്ടൗണ്‍: ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടി. 34-ാം ഏകദിന സെഞ്ചുറി കുറിച്ച കോഹ്‌ലിക്ക് പുറമെ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനും ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നു. 159 പന്തുകള്‍ നേരിട്ട കോഹ്‌ലി 12 ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടെ 160 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

റണ്ണെടുക്കും മുന്‍പേ റബാഡയുടെ പന്തില്‍ അംപയര്‍ ഔട്ട് വിളിച്ചെങ്കിലും റിവ്യൂ സംവിധാനം ഉപയോഗിച്ചാണ് കോഹ്‌ലി ക്രീസില്‍ തുടര്‍ന്നത്. പിന്നീട് യാതൊരു അവസരവും നല്‍കാതെ മുന്നേറിയ കോഹ്‌ലിയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനൊപ്പം കോഹ്‌ലി കൂട്ടിച്ചേര്‍ത്ത 140 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്. 63 പന്തില്‍ 12 ബൗണ്ടറികളോടെ 76 റണ്‍സെടുത്ത ധവാന്‍ പുറത്തായശേഷം ഒരറ്റത്ത് ഇന്ത്യന്‍ വിക്കറ്റുകള്‍ പൊഴിയുമ്പോഴും പിടിച്ചുനിന്ന കോഹ്‌ലി അവസാന രണ്ട് പന്തുകള്‍ സിക്‌സറും ബൗണ്ടറിയും പറത്തിയാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. പിരിയാത്ത ആറാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം 67 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കോഹ്‌ലി ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 304 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. ഭുവനേശ്വര്‍ കുമാര്‍ 19 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ഡുമിനി രണ്ടും റബാഡ, ഫെലൂക്വായോ, മോറിസ്, താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഈ മല്‍സരവും വിജയിച്ച് ദക്ഷിണാഫ്രിക്കയില്‍ ചരിത്രനേട്ടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഈ പരമ്പരയിലേത് ഉള്‍പ്പെടെ ആകെ മൂന്ന് തവണയാണ് രണ്ട് ഏകദിന മല്‍സരങ്ങള്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ജയിച്ചിട്ടുള്ളത്. ഈ മത്സരം കൂടി ഇന്ത്യയ്ക്ക് ജയിക്കാനായാല്‍ അതു ചരിത്രനേട്ടമാകും.