ബെംഗളൂരു: കോഴക്കണക്കുകള്‍ രേഖപ്പെടുത്തിയ യെദ്യൂരപ്പയുടെ ഡയറി കോണ്‍ഗ്രസ് പുറത്തുവിട്ടു. . മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ, ബിജെപി നേതാക്കള്‍ക്ക് 2000കോടി രൂപ നല്‍കിയെന്നാരോപിച്ച്‌ ഡയറിയിലെ ഏതാനും പേജുകളുടെ പകര്‍പ്പ് കോണ്‍ഗ്രസ് നേരേത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച ബിജെപിയും യെദ്യൂരപ്പയും കോണ്‍ഗ്രസ് പുറത്തുവിട്ട പകര്‍പ്പുകള്‍ വ്യാജമാണെന്ന് ആരോപിച്ചു. ഡയറിയുടെ അസല്‍ പുറത്തുവിടാന്‍ ബിജെപി വെല്ലുവിളിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഇന്ന് യെദ്യൂരപ്പയുടെ ഡയറി കോണ്‍ഗ്രസ് പുറത്തുവിട്ടത്.

ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008-09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 2000 കോടിയിലേറെ രൂപ നല്‍കിയതായി കാരാവന്‍ മാസിക വെളിപ്പെടുത്തിയിരുന്നു.തുടര്‍ന്ന് ബിജെപി ദേശീയ നേതാക്കള്‍ക്ക് വന്‍തുക കോഴ നല്‍കിയതായി രേഖപ്പെടുത്തിയ ഡയറിയിലെ പേജുകള്‍ കോണ്‍ഗ്രസും പുറത്തുവിടുകയായിരുന്നു. മോദി, അമിത് ഷാ, ഖഡ്കരി, രാജ്നാഥ് സിംഗ് തുടങ്ങി നിരവധി ബിജെപി നേതാക്കളുടേയും ജഡ്ജിമാരുടേയും പേരുകള്‍ ഡയറിയില്‍ ഉണ്ട്.

യെഡ്യൂരപ്പക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് വീണ്ടും ആവശ്യപ്പെട്ടു. ഡയറി തെളിവായി സ്വീകരിച്ച്‌ ലോക്പാല്‍ സ്വമേധയാ യെദ്യൂരപ്പക്കെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.