‘കോപ്പിയടിക്കുന്ന ടീച്ചര്‍മാരോടൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിലുണ്ടെന്ന് തോന്നുന്നു’; ദീപ നിഷാന്തിനെ പരിഹസിച്ച് ഊര്‍മിള ഉണ്ണി

കൊച്ചി: കവിത മോഷ്ടിച്ച്‌ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ എഴുത്തുകാരി ദീപ നിശാന്തിനെ പരിഹസിച്ച്‌ നടി ഊര്‍മിള ഉണ്ണിയും മകള്‍ ഉത്തര ഉണ്ണിയും രംഗത്ത്. ദീപ നിശാന്തിന്റെ പേര് എടുത്തു പറയാതെയാണ് ഇരുവരുടെയും വിമര്‍ശനം. യുവകവി കലേഷിന്റെ കവിത അടിച്ചുമാറ്റി എകെപിസിടിഎയുടെ മാസികയില്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്.

‘കോപ്പിയടിച്ച ടീച്ചര്‍മാരോടൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിലുണ്ടെന്ന് തോന്നുന്നു’ എന്നാണ് ഊര്‍മിള ഉണ്ണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ദൈവം കൊടുത്തോളും എന്ന കുറിപ്പോടെയാണ് ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്.

നേരത്തെ നടി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ചുകൊണ്ട് ഊര്‍മ്മിള ഉണ്ണി രംഗത്തെത്തിയത് വന്‍ വിവാദമായിരുന്നു. താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കണമെന്നും ഊര്‍മ്മിള ഉണ്ണി ആവശ്യപ്പെട്ടിരുന്നു.

ഈ പ്രസ്താവനയ്ക്ക് പിന്നാലെ, ജൂലൈ ഒന്നിന് കോഴിക്കോട് വച്ച്‌ നടന്ന വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് ദീപ നിശാന്ത് വിട്ടു നിന്നിരുന്നു. ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ദീപ ചടങ്ങ് ബഹിഷ്‌കരിച്ചത്.