കോണ്‍​ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍​ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തിറക്കുമെന്ന് രമേശ്‌ ചെന്നിത്തല.

പാര്‍ട്ടി തിരഞ്ഞെടുപ്പ് സമിതിയ്ക്ക് പട്ടിക കൈമാറിയ ശേഷമായിരിക്കും പ്രഖ്യാപനമെന്നും എന്നാല്‍ സിറ്റിംഗ് എം.പിമാര്‍ മാത്സരിക്കണമോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നതിനിടെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക യോഗം ന്യൂഡല്‍ഹിയില്‍ നടക്കുകയാണ്. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്നത്.

മത്സരിക്കാനില്ലെന്ന നിലപാടില്‍ ഇപ്പോഴും മുതിര്‍ന്ന നേതാക്കള്‍ ഉറച്ച്‌ നില്‍ക്കുന്നത് വലിയ ആശയക്കുഴപ്പമാണ് നേതൃത്വത്തിന് ഉണ്ടാക്കുന്നത്. പല മണ്ഡലങ്ങളിലും പകരം സ്ഥാനാര്‍ത്ഥികളെ കുറിച്ച്‌ പോലും ധാരണയിലെത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഉമ്മന്‍ചാണ്ടിയും കെസി വേണുഗോപാലും മുല്ലപ്പള്ളിയും മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

ചുരുക്കം ചില മണ്ഡലങ്ങളില്‍ മാത്രമാണ് സ്ഥാനാര്‍ഥി തീരുമാനമായത്. എന്നാല്‍, കോണ്‍ഗ്രസിന്‍റെ സീറ്റുകള്‍ പ്രത്യേകിച്ച്‌ സിറ്റിംഗ് സീറ്റുകള്‍ മറ്റാര്‍ക്കും വിട്ട് കൊടുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്നാണ് സൂചന. അതു കൊണ്ടു തന്നെ ഇടുക്കി സീറ്റിലും, ഒപ്പം കേരളാ കോണ്‍ഗ്രസ് പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുത്ത് നടത്തുന്ന പരിശ്രമങ്ങളിലും എല്ലാം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാട് നിര്‍ണ്ണായകമാകും.