കോണ്‍ഗ്രസ് തന്നെ ജയിലിലടയ്ക്കാന്‍ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി

അഹമ്മദാബാദ്;കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളെ പുകഴ്ത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും നുണപ്രചരിപ്പിച്ചും തമ്മിലടിപ്പിച്ചും ജാതി, സമുദായങ്ങളുടെ പേരില്‍ ഭിന്നിപ്പിച്ചുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിരുന്നതെന്ന് മോദി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി സംഘടിപ്പിച്ച ഗുജറാത്ത് ഗൗരവ് യാത്ര മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

ഗുജറാത്തിന്റെ വികസനത്തോടു മുഖംതിരിക്കുന്ന സമീപനമാണു കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. സര്‍ദാര്‍ വല്ലഭായി പട്ടേലിനോട് അവര്‍ എന്താണു ചെയ്തതെന്നു ചരിത്രത്തിനു നന്നായറിയാം. പട്ടേലിനെ തകര്‍ക്കാനാണു കോണ്‍ഗ്രസുകാര്‍ നോക്കിയത്. ഗാന്ധികുടുംബമല്ലാത്ത എല്ലാവരെയും കോണ്‍ഗ്രസിനു പുച്ഛമാണ്. മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ തന്നെ ജയിലിലടയ്ക്കാന്‍ ശ്രമിച്ചവരാണു കോണ്‍ഗ്രസുകാര്‍. പട്ടേലിന് അര്‍ഹമായ സ്ഥാനംനല്‍കാതിരുന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തെക്കുറിച്ചു സംസാരിക്കുന്നതു കൗതുകമാണ്. പ്രവര്‍ത്തകരുടെ പങ്കാളിത്തംകൊണ്ടു സജീവമായ പാര്‍ട്ടിയാണു ബിജെപി. എന്നാല്‍ കോണ്‍ഗ്രസ് നാടുവാഴികളുടെ പാര്‍ട്ടിയാണെന്നും മോദി ആരോപിച്ചു.
ഗാന്ധി കുടുംബത്തിന്റെ ഭരണം അവസാനിച്ചു. പകരം വികസനമാണു വിജയം നേടിയത്. കോണ്‍ഗ്രസ് ഒരിക്കലും വികസനത്തിനായി പ്രവര്‍ത്തിച്ചിട്ടില്ല. കോണ്‍ഗ്രസിനോ മറ്റു പാര്‍ട്ടികള്‍ക്കോ ഗുജറാത്തിനെ തകര്‍ക്കാനുള്ള അവസരം ഇനി നല്‍കില്ല. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലവാരം ഇല്ലാതായിരിക്കുകയാണ്. നിരവധി മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സംഭാവന ചെയ്ത പാര്‍ട്ടി ഇപ്പോള്‍ രാജ്യമെങ്ങും നുണപ്രചാരണം നടത്തുകയാണ്. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വികസനവും കുടുംബാധിപത്യവും തമ്മിലുള്ള മത്സരമാകും നടക്കുകയെന്നും മോദി പറഞ്ഞു.

ജിഎസ്ടി നടപ്പാക്കിയതിലൂടെ വ്യാപാര സമൂഹത്തിനുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഉടന്‍ പരിഹാരമാകും. ജിഎസ്ടി നടപ്പാക്കാന്‍ തീരുമാനിച്ചതു പ്രധാനമന്ത്രി മോദി ഒറ്റയ്ക്കല്ല. മുപ്പതോളം പാര്‍ട്ടികളുമായി ആലോചനകള്‍ നടത്തിയ ശേഷമാണു ജിഎസ്ടി നടപ്പാക്കിയത്. കോണ്‍ഗ്രസിനും അതില്‍ തുല്യ പങ്കാളിത്തമുണ്ട്. അതുകൊണ്ടു തന്നെ ജിഎസ്ടിയുടെ പേരില്‍ കള്ളത്തരങ്ങള്‍ പ്രചരിക്കുന്നത് അവര്‍ നിര്‍ത്തണം. വ്യാപാരികളും വ്യവസായികളും ജിഎസ്ടിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയവയെക്കുറിച്ച് കോണ്‍ഗ്രസ് നടത്തിയ കള്ള പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും മോദി അഭിപ്രായപ്പെട്ടു.