കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ മുഖ്യ പ്രചരണായുധം റഫാല്‍ വിഷയം തന്നെ

ന്യൂഡല്‍ഹി: റഫാല്‍ വിഷയം ലോക്സഭ തിരഞ്ഞെടുപ്പില്‍ മുഖ്യപ്രചരണ വിഷയമാക്കാനൊരുങ്ങി കോണ്‍ഗ്രസ്സ്. ഡല്‍ഹിയില്‍ നിയമസഭ കക്ഷിനേതാക്കളും പി.സി.സി. അധ്യക്ഷന്മാരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.എമ്മുമായുള്ള ധാരണയ്ക്കും കോണ്‍ഗ്രസ് നേതൃത്വം അനുമതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ സഖ്യസാധ്യതയ്‌ക്കൊന്നും തന്നെ വഴിമരുന്നിടാതെ പ്രാദേശികതലത്തിലുള്ള നീക്കുപോക്കിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 25-നകം സ്ഥാനാര്‍ഥികളെ നിശ്ചയിക്കണമെന്നും ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കണമെന്നും രാഹുല്‍ഗാന്ധി നിര്‍ദേശം നല്‍കി.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങള്‍ക്ക് പുറമേ മോദി സര്‍ക്കാരിന്റെ വീഴ്ചകളും റഫാല്‍ ഉള്‍പ്പെടെയുള്ള ദേശീയ വിഷയങ്ങളും പ്രചരണവിഷയമാക്കാനാണ് രാഹുല്‍ഗാന്ധി യോഗത്തില്‍ നിര്‍ദേശം നല്‍കിയത്.പ്രാദേശികവിഷയങ്ങളില്‍ മാത്രം ഊന്നിയുള്ള പ്രചരണം പാടില്ലെന്നും മോദി സര്‍ക്കാരിനെതിരെയുള്ള പ്രചരണത്തിന് പ്രാധാന്യം നല്‍കണമെന്നും ഡല്‍ഹിയിലെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.