കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യുഡിഎഫില്‍ ചേരുമെന്നും പിസി ജോര്‍ജ്ജ്

പൂഞ്ഞാര്‍: ബിജെപിയും വേണ്ട സിപിഎമ്മും വേണ്ട നിലപാട് വ്യക്തമാക്കി പി.സി ജോര്‍ജ്. ഇനി കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യുഡിഎഫില്‍ ചേരുമെന്നും കേരള ജനപക്ഷം പാര്‍ട്ടി നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി.സി ജോര്‍ജ്. ബിജെപിയുമായും സിപിഐഎം നേതൃത്വം നല്‍കുന്ന മുന്നണിയുമായും സഹകരിക്കില്ല. ചര്‍ച്ചകള്‍ക്കായി കമ്മിറ്റിയെ നിയോഗിച്ചതായും ജോര്‍ജ് പറഞ്ഞു. പിസി ബിജെപിയിലേക്ക് പോകുമെന്ന് ശക്തമായ അഭ്യൂഹം നിലനില്‍ക്കെയാണ് നിലപാട് പരസ്യമാക്കി പിസി തന്നെ രംഗത്തെത്തിയത്.

ശബരിമല വിഷയത്തില്‍ ബിജെപിക്കൊപ്പം നിന്ന പിസി നിയമസഭയില്‍ ഒ രാജഗോപാലിനോട് സഹകരിക്കുമെന്നും പ്രഖ്യാപിച്ചു. നിയമസഭയില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം ഒറ്റ ബ്ലോക്കായാണ് പി.സി ജോര്‍ജ് പ്രഖ്യാപനത്തിന് ശേഷം ഇരുന്നത്. എന്നാല്‍ പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ മുഖ്യമന്ത്രി പിണറായിയെ അഭിനന്ദിച്ചും രംഗത്തെത്തിയിരുന്നു.

അടുത്തിടെയാണ് പ്രാദേശിക തലത്തില്‍ സിപിഐഎമ്മുമായി ഉണ്ടായിരുന്ന ബന്ധം ഉപേക്ഷിച്ച്‌ ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം പിസി ജോര്‍ജ് പ്രഖ്യാപിച്ചത്. നിലവില്‍ ബിജെപിയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുകയാണ് ജനപക്ഷം പാര്‍ട്ടി.ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് രംഗത്തുവന്ന ജോര്‍ജ് നാമജപപ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ദുരിതാശ്വാസത്തില്‍ വിവേചനം കാട്ടി എന്നാണ് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ആരോപിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയെ പുകഴ്‌ത്തുകയാണ് പിസി ചെയ്തത്. സ്വന്തം ആരോഗ്യം പോലും മറന്നാണ് പ്രളയകാലത്ത് മുഖ്യമന്ത്രി പ്രവര്‍ത്തിച്ചതെന്ന് പിസി ജോര്‍ജ് പറഞ്ഞു. ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി പിണറായി ചെയ്തു. പ്രളയകാലത്ത് മുഖ്യമന്ത്രി ചെയ്ത കാര്യങ്ങള്‍ മറക്കാന്‍ സാധിക്കില്ല.

പിണറായി വിജയന്‍ പ്രളയകാലത്ത് കേരളത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ മറന്ന് കൊണ്ട് രാഷ്ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ല എന്നാണ് പിസി പറഞ്ഞത്.ബിജെപിയുമായുള്ള സഹകരണം മഹാപാപമല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് സ്വീകരിച്ചതെന്നാണ് ജോര്‍ജിന്റെ പക്ഷം. കോണ്‍ഗ്രസിന് വലിയ സത്യസന്ധത ഉണ്ടായിരുന്നില്ലെന്നും പിണറായിയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകാര്‍ വിശ്വാസികളെ അടിച്ചമര്‍ത്തുന്നുവെന്നും ജോര്‍ജ് ആരോപിച്ചിരുന്നു.