കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍; ആലത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് ഐ എം വിജയന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ച്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്ടന്‍ ഐ.എം വിജയന്‍. 2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനായി കോണ്‍ഗ്രസ് അദ്ദേഹത്തെ സമീപിച്ചിരുന്നു.

എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി അറിയപ്പെടാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞ വിജയന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാരുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട് താനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും അറിയിച്ചു. കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്നും ഈ വരുന്ന ലോക്ഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്നുമുള്ള വാര്‍ത്തകള്‍ അദ്ദേഹം നേരത്തെ നിഷേധിച്ചിരുന്നു.

”എന്നെ ഞാനാക്കി മാറ്റിയ ഫുട്ബോളിനോടാണ് എന്റെ ഇഷ്ടവും കടപ്പാടുമെല്ലാം. രാഷ്ട്രീയമുള്‍പ്പെടെയുള്ള മേഖലകളൊന്നും എനിക്ക് വഴങ്ങില്ല. അതുകൊണ്ട് അങ്ങനെയൊരു ചിന്തയേയില്ല. കേരളാ പോലീസില്‍ മാന്യമായ ജോലിയുണ്ട്. പൂര്‍ണമായ അര്‍പ്പണ ബോധത്തോടെയാണ് ആ ജോലി ചെയ്യുന്നത്. അത് ഉപേക്ഷിച്ച്‌ തത്കാലം എങ്ങോട്ടുമില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.