കോണ്‍ഗ്രസില്‍ സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റില്ല; 25ന് മുൻപ് സ്ഥാനാര്‍ഥിപ്പട്ടിക നല്‍കണം

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് സിറ്റിംഗ് എംഎല്‍എമാര്‍ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനം. ഡല്‍ഹയില്‍ എഐസിസി ആസ്ഥാനത്ത് നടന്ന പിസിസി അധ്യക്ഷന്‍മാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം. ഈ മാസം 18ന് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് സംസ്ഥാനകോണ്‍ഗ്രസില്‍ തുടക്കമാകും. 25ന് മുൻപ് സ്ഥാനാര്‍ഥിപ്പട്ടിക നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെപിസിസിയ്ക്ക് നിര്‍ദേശം നല്‍കി.

മത്സരിക്കുന്ന കാര്യത്തില്‍ ആര്‍ക്കൊക്കെ ഇളവ് നല്‍കണമെന്ന കാര്യം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് തീരുമാനിക്കുകയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിസിസി അധ്യക്ഷന്‍ മത്സരിക്കണമെങ്കിലും രാഹുല്‍ ഗാന്ധിയുടെ അനുവാദം വേണം. എന്നാല്‍ സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.വിജയസാധ്യതയുള്ള സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റ് നിഷേധിക്കേണ്ടതില്ലെന്നും അവര്‍ തുടരട്ടെയെന്നും യോഗത്തില്‍ തീരുമാനിച്ചു. അവര്‍ സ്വയം ഒഴിഞ്ഞാല്‍ പുതിയ ഒരാളെ നോക്കാം.

കേരളത്തില്‍ ഒരേ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തേണ്ടെന്നും തീരുമാനമായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ യുഡിഎഫിനു മുന്‍തൂക്കമുണ്ടെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിച്ച ജനമഹായാത്ര വിജയമെന്ന് കേരള നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.