കോണ്‍ഗ്രസിലെ രണ്ട് എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലെത്തിയതായി സൂചന

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുക്കപ്പെട്ട 78 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ രണ്ടു പേര്‍ ബി.ജെ.പി ക്യാമ്പിലെത്തിയതായി സൂചന. വിജയനഗര്‍ എംഎല്‍എ ആനന്ദ് സിങ്ങും മസ്‌കി എംഎല്‍എ പ്രതാപ്ഗൗഡ പാട്ടീലുമാണ് ബിജെപി പക്ഷത്തേക്ക് കൂറുമാറിയതായാണ് റിപ്പോര്‍ട്ട്. ഇവരെ ബിജെപി ഭീഷണിപ്പെടുത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റിനെ ഉപയോഗിച്ച് ആനന്ദ് സിങിനെ ഭീഷണിപ്പെടുത്തിയതായി ജെഡിഎസ് നേതാവ് കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. ബിജെപിക്ക് പിന്തുണ നല്‍കിയില്ലെങ്കില്‍ തന്റെ കാര്യം പോക്കാണെന്ന് ആനന്ദ് സിങ് മറ്റൊരു എംഎല്‍എയോട് പറഞ്ഞതായും കുമാരസ്വാമി അറിയിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ വിജയനഗരയില്‍ നിന്ന് മത്സരിച്ച് ജയിച്ച ആനന്ദ് സിങ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസിലെത്തിയത്. റെഡ്ഡി സഹോദരന്മാരുടെ അടുത്ത സുഹൃത്തായ ആനന്ദ് സിങ് ടിപ്പു ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ബിജെപിയുമായി അകന്നത്.

മറ്റൊരു എംഎല്‍എ ആയ പ്രതാപ്ഗൗഡ പാട്ടീല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിക്കുന്ന ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ നിന്ന് പുലര്‍ച്ചെ നാലരയോടെ പുറത്തുപോയതായാണ് വിവരം. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) വിമാനത്താവളത്തില്‍ നിന്ന് ഒരു സ്വകാര്യ വിമാനത്തില്‍ ഇദ്ദേഹം അജ്ഞാത സ്ഥലത്തേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്.