കോണ്‍ഗ്രസിലെ പീഡന പരാതി: വിവാദം മുറുകുന്നു; പരാതിയില്‍ ഉറച്ച് പെണ്‍കുട്ടി

ലക്ഷ്മി മോഹന്‍

സിപിഎമ്മിനെ രാഷ്ട്രീയപ്രതിരോധത്തിലാക്കിയ പി.കെ. ശശി വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസിലും പീഡന പരാതി, വിവാദം മുറുകുന്നു. യുവ നേതാവ് ലൈംഗിക താത്പര്യത്തോടെ പെരുമാറി എന്നാരോപണവുമായി കെ എസ് യു
പ്രവര്‍ത്തക കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് നവംബര്‍ 28ന് പരാതി നല്‍കി.  പീഡന പരാതിയില്‍ നീതി നിഷേധിക്കപ്പെടുന്നു എന്നാണ് രാഹുല്‍ ഗാന്ധിയ്ക്കും എഐസിസി നേതൃത്വത്തിനും അയച്ച കത്തില്‍ പെണ്‍കുട്ടി പറയുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിനു പോക്സോ പ്രകാരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം മരവിപ്പിച്ചതിന്‌
പിന്നില്‍ തൃശൂര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഇടപെടലുകളാണെന്നും നീതി കിട്ടണമെന്നും പരാതിക്കാരിയായ പെണ്‍കുട്ടി പറയുന്നു. എന്നാല്‍ കെട്ടിച്ചമച്ച കേസാണെന്നും പാര്‍ട്ടിയിലെ ചിലരാണ് പിന്നിലെന്നും കുറ്റാരോപിതന്റെ വാദം. പരാതിക്കാരിയെ താന്‍ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്നും ആ പെണ്‍കുട്ടിയെ ചിലര്‍ തനിക്കെതിരേ ഉപയോഗിക്കുകയാണെന്നും ഇയാള്‍ ആരോപിക്കുന്നു.

പോക്സോ കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിച്ച് ജാമ്യം അനുവദിച്ചിരുന്നു. അതേസമയം  പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് പെണ്‍കുട്ടി. കെ എസ് യു പ്രവര്‍ത്തകയായ പെണ്‍കുട്ടി നല്‍കിയ പരാതി അന്വേഷിക്കാന്‍ കെപിസിസി ഒരു അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. പത്മജ വേണുഗോപാല്‍, വത്സല പ്രസന്നകുമാര്‍, അഡ്വ. ലാലി വിന്‍സന്റ് എന്നിവരായിരുന്നു അംഗങ്ങള്‍.

എന്നാല്‍ സിപിഎമ്മിലേതിന് സമാനമായി കുറ്റാരോപിതനെ സംരക്ഷിക്കനഹാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്ന് ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. ജില്ലാ സംസ്ഥാന നേതൃത്വങ്ങളില്‍ നിന്ന് നീതി കിട്ടാത്ത സാഹചര്യത്തിലാണ് പെണ്‍കുട്ടി കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.