കോണ്‍ഗ്രസിന്റെ വീക്ഷണമില്ലായ്മയാണ് കര്‍ത്താര്‍പൂര്‍ പാക്കിസ്ഥാനിലാകാന്‍ കാരണം: നരേന്ദ്രമോദി

രാജസ്ഥാന്‍: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പുതിയ ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കോണ്‍ഗ്രസ് നേതാക്കളുടെ വീക്ഷണമില്ലായ്മയും പിടിപ്പുകേടും മൂലമാണ് സിഖ് ഗുരുദ്വാരയായ കര്‍ത്താര്‍പൂര്‍ പാക്കിസ്ഥാനിലായിപ്പോയതെന്നാണ് മോദിയുടെ ആരോപണം.

ഇന്ത്യയിലെ സിഖ് മത വിശ്വാസികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ഗുരുദ്വാരയിലേക്ക് പോകാന്‍ അവര്‍ക്ക് 70 വര്‍ഷം കാത്തിരിക്കേണ്ടി വന്നെന്നും മോദി പറഞ്ഞു. ഗുരു നാനാകിന്റെ പ്രാധാന്യം കോണ്‍ഗ്രസിന് അറിയില്ല. അവര്‍ക്ക് സിഖ് വികാരങ്ങളോട് ബഹുമാനമില്ല. കോണ്‍ഗ്രസിന്റെ തെറ്റുകള്‍ തിരുത്താനാണ് തന്റെ വിധി, മോദി വ്യക്തമാക്കി.

കര്‍ത്താര്‍പൂര്‍ ഇടനാഴി നേരത്തെ തുറന്നു കൊടുക്കേണ്ടതായിരുന്നുവെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി നേരത്തെ രംഗത്തെത്തിയിരുന്നു.അതിര്‍ത്തി നിര്‍ണയിച്ചവര്‍ ചെയ്ത മൗലികമായ തെറ്റിന്റെ ഫലമായാണ് കര്‍ത്താര്‍പൂര്‍ പാക്കിസ്ഥാനിലായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.