കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് പ്രകാശ് കാരാട്ട്

കുവൈത്ത്‌: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. നിലവിലെ സാഹചര്യത്തില്‍ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ല. പ്രാദേശികാടിസ്ഥാനത്തില്‍ ബിജെപി വിരുദ്ധ കക്ഷികളുമായി സഖ്യം രൂപവത്കരിക്കാനാണ് ശ്രമമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

ദേശീയതലത്തില്‍ മൂന്നാം മുന്നണി രൂപവത്കരിക്കാന്‍ സിപിഐഎം മുന്‍കൈയ്യെടുക്കില്ലെന്നും കുവൈത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കാരാട്ട് പറഞ്ഞു. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് സാധ്യതയുള്ളതായും പ്രകാശ് കാരാട്ട് സൂചന നല്‍കി.

ബിജെപി ശക്തികേന്ദ്രങ്ങളില്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ഭൂരിപക്ഷം ലഭിക്കാനിടയില്ല. ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ശക്തിയില്ല. സംസ്ഥാനതലത്തിലാണ് മത്സരം നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികള്‍ക്കാണ് ശക്തിയുള്ളത്. ദേശീയ തലത്തില്‍ ബിജെപിയുടെ പ്രധാന എതിരാളി കോണ്‍ഗ്രസ് ആണ്. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനെ പിന്തുണയ്ക്കണോ എന്നത് അപ്പോഴത്തെ സാഹചര്യമനുസരിച്ച് തീരുമാനിക്കും.

സാമ്പത്തിക സംവരണത്തിന് സിപിഐഎം എതിരല്ലെന്നും എന്നാല്‍ കോടതിയില്‍ എതിര്‍പ്പുണ്ടാകുമെന്ന് അറിഞ്ഞിട്ടും ബിജെപി തിരക്കിട്ട് ഇതുമായി മുന്നോട്ടു വന്നത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന ബിജെപിയുടെ ഭീഷണി കാര്യമാക്കുന്നില്ല. ഭരണഘടനയുടെ അനുച്ഛേദം 356 അനുസരിച്ചുള്ള അത്തരം നടപടി കോടതിയുടെ പരിശോധനയ്ക്ക് വിധേയമായതിനാല്‍ പിരിച്ചുവിടല്‍ എളുപ്പമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.