കോട്ടയത്ത്‌ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റാല്‍ ഉത്തരവാദിത്തമില്ലെന്ന് പി.ജെ ജോസഫ്

തിരുവനന്തപുരം: കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി തോറ്റാല്‍ ഉത്തരവാദിത്തം ഉണ്ടാകില്ലെന്ന് പി.ജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. സീറ്റ് തര്‍ക്കത്തില്‍ ഇടഞ്ഞ ജോസഫുമായി രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും കന്റോണ്‍മെന്റ് ഹൌസില്‍ ചര്‍ച്ച നടത്തുകയാണ്.

രാവിലെ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പ്രത്യേകം കണ്ട പി.ജെ ജോസഫ് ,പാര്‍ട്ടിയിലുണ്ടായ സീറ്റ് ധാരണ കെ.എം മാണി അട്ടിമറിച്ചെന്ന് അറിയിച്ചു. മാണി വിഭാഗവുമായി സഹകരിക്കാനാവില്ലെന്നും യു.ഡി.എഫുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.

അതേസമയം തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച കേരളാ കോൺഗ്രസ് നിലപാടിൽ ഇനി ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് വ്യക്തമാക്കി ജോസ് കെ മാണി. എല്ലാ ഘടകങ്ങളിലും വിശദമായി ചര്‍ച്ച ചെയ്താണ് കേരളാ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. പ്രചാരണ പരിപാടികളുമായി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയാകെയും മുന്നോട്ട് പോകുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.

ഉമ്മൻചാണ്ടിയടക്കമുള്ള കോൺഗ്രസ് നേതാക്കളുമായും യുഡിഎഫ് നേതൃത്വവുമായും പിജെ ജോസഫ് നടത്തുന്ന ചര്‍ച്ചയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. സീറ്റിന്‍റെ കാര്യത്തിൽ ഇനി ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിലില്ലെന്ന നിലപാടിലാണ് കേരളാ കോൺഗ്രസെന്നും ജോസ് കെ മാണി കോട്ടയത്ത് വ്യക്തമാക്കി.