കോടിയേരിക്കൊപ്പം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ അംഗങ്ങളും പ്രതിരോധത്തില്‍; സെക്രട്ടേറിയേറ്റ്‌ ഫലപ്രദമല്ലെന്ന് ആരോപണം

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ബിനോയ്‌ കോടിയേരി വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന് എതിരെ സിപിഎമ്മിനുള്ളില്‍ മുറുമുറുപ്പ്. ഇതാദ്യമായാണ് കേരളത്തിലെ പാര്‍ട്ടിയിലെ പരമോന്നത അധികാര സമിതിയായ സംസ്ഥാന സെക്രട്ടേറിയേറ്റിനെതിരെ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ് ഉയരുന്നത്.

ഇന്ത്യയില്‍ ഏറ്റവും ശക്തമായ സിപിഎം ഘടകമാണ് കേരളത്തിലേത്. ആ പാര്‍ട്ടിയെ നയിക്കുന്ന സംസ്ഥാന സെക്രട്ടറി തന്നെ മകന്‍ നടത്തിയ 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പ്രതിരോധത്തിലായിരിക്കുന്നു. കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകനായ ബിനോയ്‌ കോടിയേരിക്കെതിരെ ഇത്രയും ശക്തമായ സാമ്പത്തിക തട്ടിപ്പ് ഉണ്ടായിട്ടും ഇതില്‍ ഫലപ്രദമായ ഇടപെടല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് നടത്തിയില്ല എന്നതിലാണ് അമര്‍ഷം ഉയരുന്നത്.

പ്രശ്നങ്ങള്‍ മനസിലാക്കുകയും ഫലപ്രദമായ ഇടപെടല്‍ നടത്തുകയും ചെയ്യുന്നില്ലെങ്കില്‍
പാര്‍ട്ടിക്ക് എന്തിനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് എന്നാണ് ചോദ്യം ഉയരുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ നടത്തിയ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണം മുന്‍കൂട്ടി അറിഞ്ഞിട്ടും എന്തുകൊണ്ടാണ്‌ പാര്‍ട്ടിയുടെ ഉന്നത സമിതി നിര്‍വികാരമായി ഈ പ്രശ്നത്തെ കണ്ടത് എന്ന ചോദ്യമാണ് ഉയരുന്നത്. 13 കോടി രൂപയുടെ വായ്പ എടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന മക്കളുള്ള പാര്‍ട്ടി സെക്രട്ടറിക്ക് കേരളത്തിലെ പാര്‍ട്ടി സംവിധാനം എങ്ങിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും എന്ന ചോദ്യത്തിനു പാര്‍ട്ടിക്ക് മറുപടിയില്ല.

ഇനി 13 കോടി രൂപ നല്‍കി പ്രശ്നം പരിഹരിച്ചാലും മറ്റൊരു കുടുക്ക് കടന്നുവരും. ഈ പണത്തിന്റെ ഉറവിടം ഏത്? അല്ലെങ്കില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെ രക്ഷിക്കാന്‍ പാര്‍ട്ടി അനധികൃതമായ ഇടപെടല്‍ നടത്തി എന്ന് ആരോപണം വരും. ഇത് പൊതുജന ദൃഷ്ടിയില്‍ പാര്‍ട്ടിയുടെ ഇമേജ് മോശമാക്കും. മകനെന്താണ് ദുബായില്‍ പരിപാടി എന്നും വ്യക്തമാക്കേണ്ടിവരും. ഈ പ്രശ്നം മുന്‍ കൂട്ടി തന്നെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് മുന്‍പില്‍ എത്തിയിരുന്നുവെന്നും അദ്ദേഹം മൗനം പാലിക്കുകയായിരുന്നുവെന്നുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതുമുതലാണ്‌ സംസ്ഥാന സെക്രട്ടേറിയറ്റിനെതിരെ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ് ഉയരുന്നത്.

മുതിര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഈ പ്രശ്നത്തില്‍ ഉത്തരം പറയേണ്ടി വരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. സെക്രട്ടറി കൂടി ഉള്‍പ്പെട്ട വിവാദമാണെങ്കില്‍ അതില്‍ ഇടപെടാനും കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി ചട്ടക്കൂടില്‍ നിന്നും നല്‍കാനുമുള്ള സംസ്ഥാനത്തെ പരമോന്നത സമിതിയാണ് സംസ്ഥാന സെക്രട്ടേറിയറ്റ്.

സിപിഎമ്മിനെ ദേശീയ തലത്തില്‍ പ്രതിരോധത്തിലാക്കിയ ബിനോയ്‌ കോടിയേരി വിവാദത്തില്‍ ആദ്യം തന്നെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിനു ഫലപ്രദമായി ഇടപെടല്‍ നടത്താമായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ പാര്‍ട്ടിയെ പിടിച്ചു കുലുക്കുന്ന വിവാദമായി മാറിയിരിക്കെ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി ഉത്തരം നല്‍കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ബിനോയിയുടെ പ്രശ്‌നം നിലനില്‍ക്കെത്തന്നെയാണ് ബിനീഷും ദുബായില്‍ അറ്സ്റ്റ് ചെയ്യപ്പെടും എന്ന വാര്‍ത്ത വരുന്നത്. ഇത് പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ഒട്ടനവധി ചോദ്യങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിയെ തുറിച്ച് നോക്കുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

ബിനോയ്‌ കോടിയേരിക്ക് എങ്ങിനെ 13 കോടിയോളം രൂപ ലോണ്‍ എടുക്കാനുള്ള അവസരം വന്നു ചേര്‍ന്നു? പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ രാഷ്ട്രീയ പിന്‍ബലമല്ലേ ഇത്രയും തുക ബിനോയിയ്‌ക്ക് വായ്പയായി ലഭിക്കാന്‍ ഇടയാക്കിയത്? തുക മടക്കി നല്‍കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കപ്പെടും എന്ന് മുന്‍കൂര്‍ ആയിത്തന്നെ പാര്‍ട്ടി സെക്രട്ടറിയെ നേരിട്ട് അറിയിച്ചിട്ടും എന്തുകൊണ്ട് പാര്‍ട്ടി സെക്രട്ടറി നിശബ്ദത പാലിച്ചു? ഈ ചോദ്യങ്ങള്‍ മുഴങ്ങുമ്പോള്‍ തന്നെ കണ്ണട വിവാദവും പാര്‍ട്ടി കേന്ദ്രങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു.

28000 രൂപയ്ക്ക് കണ്ണട വാങ്ങിയാണ് ആരോഗ്യമന്ത്രി വിവാദത്തില്‍ ഇടംപിടിച്ചത്. ഈ വിവാദം തണുക്കും മുന്‍പ് തന്നെ 49000 രൂപയുടെ കണ്ണട വാങ്ങി സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വിവാദത്തില്‍പ്പെട്ടു.
വിവാദമായിട്ടും ഈ തുക സംസ്ഥാന സര്‍ക്കാരിനു തിരിച്ചുനല്‍കാന്‍ മന്ത്രിയോ സ്പീക്കറോ തയാറായതുമില്ല. ബിനോയ്‌ കോടിയേരി വിവാദവും കണ്ണട വിവാദവും പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കിയിരിക്കെ ഇത്തരം കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടല്‍ നടത്തേണ്ട, മൂക്ക് കയര്‍ ഇടേണ്ട പാര്‍ട്ടി സംവിധാനം നോക്കുകുത്തിയായി മാറി എന്നാണു ആക്ഷേപം. പാര്‍ട്ടി സംസ്ഥാന സമ്മേളനം ഫെബ്രുവരി 22 മുതല്‍ തൃശൂരില്‍ നടക്കാനിരിക്കെയാണ് വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി പാര്‍ട്ടിയെ പിടിച്ചുകുലുക്കിയിരിക്കുന്നത്.