കൊളീജിയം ശുപാര്‍ശയില്‍ ഉറച്ചു നില്‍ക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശയില്‍ ഉറച്ചു നില്‍ക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. കൊളീജിയം ശുപാര്‍ശ മടക്കി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കത്തിന് വസ്തുതകളും കീഴ്വഴക്കങ്ങളും ചൂണ്ടിക്കാട്ടി മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ജസ്റ്റിസ് കെ.എം.ജോസഫിനെ 2017-ലും സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നെങ്കിലും അന്നും കേന്ദ്ര സര്‍ക്കാര്‍ അക്കാര്യം പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഉത്തരാഖണ്ഡില്‍ തണുത്ത കാലാവസ്ഥയില്‍ തുടരാന്‍ അദ്ദേഹത്തിന് ശാരീരികമായ ബുദ്ധിമുട്ടുകളുണ്ട്. അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള വ്യക്തിയാണ്. അതിനാല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യവും കേന്ദ്രം പരിഗണിച്ചില്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.