കൊളംബോയിൽ കൊല്ലപ്പെട്ടവരില്‍ മലയാളിയും; ആകെ മരണം 168

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി പി.എസ്.റസീന (58) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനൊപ്പം വിനോദയാത്രയ്ക്കായി കൊളംബോയിലെത്തിയതാണ്. ഷാംഗ്രിലാ ഹോട്ടലിലെ സ്ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്.

അതേസമയം സ്‌ഫോടനത്തില്‍ ആകെ  168 പേര്‍ കൊല്ലപ്പെട്ടു. 400 പേര്‍ ആശുപത്രികളിലാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. ഈസ്റ്റർ പ്രാർഥനയ്ക്കിടെ ആയിരുന്നു പള്ളികളിലെ സ്ഫോടനം. രണ്ടു പള്ളികളിൽ നിരവധി തവണ സ്ഫോടനം നടന്നതായി പൊലീസ് അറിയിച്ചു.

പരുക്കേറ്റ വിദേശികൾ ഉൾപ്പെടെയുള്ളവരെ കൊളംബോ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളംബോ, ബട്ടിക്കലോവ, നെഗോമ്പോ എന്നിവിടങ്ങളിലെ പള്ളികളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിങ്സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണു സ്ഫോടനമുണ്ടായത്.