കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 6 വിക്കറ്റ് വിജയം

ബെംഗളുരു: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 6 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത ലിന്നിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് വിജയം സ്വന്തമാക്കിയത്.

കൊല്‍ക്കത്തയ്ക്ക് വേണ്ടി ലിന്‍ പുറത്താകാതെ 62 റണ്‍സ് നേടി. 21 പന്തില്‍ 36 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും 19 പന്തില്‍ 27 റണ്‍സെടുത്ത സുനില്‍ നരെയ്‌നുമാണ് കൊല്‍ക്കത്ത നിരയില്‍ തിളങ്ങിയ മറ്റ് ബാറ്റ്‌സ്മാന്മാര്‍.

ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ കോഹ്‌ലിയുടെ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. കോഹ്‌ലി 44 പന്തില്‍ നിന്ന് പുറത്താകാതെ 68 റണ്‍സ് നേടി. 28 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയ മക്കല്ലം കോഹ്‌ലിയ്ക്ക് മികച്ച പിന്തുണ നല്‍കി. കൊല്‍ക്കത്തയ്ക്കായി റസ്സല്‍ 3 ഓവറില്‍ 31 റണ്‍സ് വഴങ്ങി 3 വിക്കറ്റ് സ്വന്തമാക്കി.