കൊല്ലത്ത് സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചു; എട്ട് കുട്ടികള്‍ക്ക് പരിക്ക്

കൊല്ലം: സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് ക്ഷേത്രത്തിന്റെ മതിലില്‍ ഇടിച്ച് എട്ട് കുട്ടികള്‍ക്ക് ബസ് ജീവനക്കാര്‍ക്കും പരിക്കേറ്റു. പത്തനാപുരം കുന്നിക്കോട് വിളക്കുടിയില്‍ ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം.

കുട്ടികളുമായി സ്‌കൂളിലേക്കുപോയ ബസ് നിയന്ത്രണംവിട്ട് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് വിദ്യാര്‍ഥികളെയും ജീവനക്കാരെയും ബസ്സില്‍നിന്ന് പുറത്തെടുത്തത്.

കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുനലൂര്‍ താലൂക്ക് സമാജം സ്‌കൂളിന്റെ ബസാണ് അപടത്തില്‍പ്പെട്ടത്.