കൊല്ലം ഇക്കുറി എല്‍ഡിഎഫിനൊപ്പമോ ?

ഭാസ്‌കരനുണ്ണി

വേണാടിന്റെ മണ്ണിലെ രാജകീയ പോരാട്ടവേദിയാവുകയാണ് കൊല്ലം. തെരെഞ്ഞെടുപ്പ് രംഗത്തെ രണ്ട് പേരുകൾ കൊണ്ട് തന്നെ (എൽഡിഎഫ്-കെഎൻ.ബാലഗോപാൽ, യുഡിഎഫ്-എൻകെ.പ്രേമചന്ദ്രൻ) ദേശീയ ശ്രദ്ധാകേന്ദ്രമാകാന്‍ മണ്ഡലത്തിന് കഴിഞ്ഞു.

2014-ലെ ലോക്സഭാ തെരെഞ്ഞെടുപ്പ് കണക്കുകൾ പ്രേമചന്ദ്രനും യുഡിഎഫിനും അനുകൂലമാണെങ്കിലും, ഇക്കുറി ചിത്രം മാറിമറിയുമെന്നാണ് രാഷ്ട്രീയവിലയിരുത്തൽ. സിപിഎം ദേശീയ നേതാവും ബൗദ്ധിക-സാംസ്കാരിക മുഖവുമായ എംഎ.ബേബിയെ സ്വന്തം തട്ടകത്തിൽ അടിയറവ് പറയിച്ചപ്രേമചന്ദ്രന്റെ ഉയർന്ന ഗ്രാഫ് തന്നെയായിരുന്നു, 2019-ലും യുഡിഎഫിന്റെ തുറുപ്പ്ചീട്ട്.
പ്രേമചന്ദ്രന്റെ പേരല്ലാതെ മറ്റൊരുപേരും യുഡിഎഫ് ക്യാമ്പിൽ നിന്നും ഉയർന്ന് വന്നതുമില്ല. പ്രേമചന്ദ്രന് കൊല്ലത്തിനി എതിരാളികളില്ലായെന്ന് യുഡിഎഫ് പാളയം കരുതിയിരിക്കുമ്പോഴാണ് കെഎൻ.ബാലഗോപാൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്യുന്നത്. ബാലഗോപാലിന്റെ സ്ഥാനാർത്ഥിത്വം സ്ഥിതിഗതികളെ അടിമുടി മാറ്റിമറിക്കുമെന്നാണ് പൊതുധാരണ.

പാർലമെന്റിലെ സജീവമായ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയനായ പ്രേമചന്ദ്രൻ യുഡിഎഫിന്റേയും ആർഎസ്പിയുടേയും ജനകീയ മുഖവും പൊതുസമ്മതനും നല്ല വാഗ്മിയുമാണ്, ഇതൊക്കെയാണെങ്കിലും പാർട്ടിഘടകങ്ങളിലെ സംഘടനാപരമായ കെട്ടുറപ്പില്ലായ്മ ഈ തെരെഞ്ഞെടുപ്പിൽ യുഡിഎഫ് ക്യാമ്പ് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

യുഡിഎഫ് ഭരണം കേരളത്തിലുള്ളപ്പോഴാണ് 2014-ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രൻ വിജയിച്ചത്. അന്ന് സീറ്റിന്റെ മറപിടിച്ച് ആർഎസ്പി-യെ യുഡിഎഫ് ക്യാമ്പിലെത്തിച്ചത് പ്രേമചന്ദ്രന്റെ നിർബന്ധബുദ്ധിയായിരുന്നു.
അർഹതപ്പെട്ട സീറ്റ് എൽഡിഎഫ് ആർഎസ്പി നിഷേധിച്ചുവെന്ന വികാരം ജനങ്ങളിൽ വളർത്തിയെടുക്കാനും വോട്ടാക്കി മാറ്റാനും അവർക്ക് കഴിഞ്ഞു. ഇക്കാര്യത്തിൽ എൽഡിഎഫ് പ്രത്യേകിച്ച് സിപിഎം എടുത്ത കർക്കശമായ നിലപാട് വോട്ടർമാരെ മറ്റൊരു തരത്തിൽ സ്വാധീനിക്കുകയും അത് യുഡിഎഫിന് ഗുണകരമാകുകയുമായിരുന്നു.

എന്നാൽ തുടർന്നു വന്ന തദ്ദേശ-നിയമസഭാ തെരെഞ്ഞെടുപ്പുകളിൽ ആർഎസ്പിയുടെ നില അടിമുടി ഉലഞ്ഞു. കേരളരാഷ്ട്രീയത്തിൽ ചരിത്രപരമായ സാന്നിധ്യമായിരുന്ന ആർഎസ്പി സംസ്ഥാനത്ത് നാമമാത്രമാകുന്നതാണ് കണ്ടത്. ആർഎസ്പിയുടെ തട്ടകമായ കൊല്ലത്ത് ഇത് കൂടുതൽ പ്രതിഫലിക്കുകയും ആർഎസ്പി പലതായി പിളരുകയും പ്രവർത്തകർ വിട്ടുപോവുകയും ചെയ്തു. ജില്ലാപഞ്ചായത്തിലെ ഒരു സീറ്റിലും, കോർപ്പറേഷനിലെ രണ്ടു സീറ്റിലും മാത്രമായി ആർഎസ്പി ചുരുങ്ങി. യുഡിഎഫിന്റെ നിലയും സമാനരീതിയിലായിരുന്നു. 2014-ൽ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം 37649 ആയിരുന്നു. എന്നാൽ 2016-ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ കൊല്ലം പാർലിമെന്റ് മണ്ഡലത്തിലെ ചവറ-പുനലൂർ-ചടയമംഗലം-ചാത്തന്നൂർ-കുണ്ടറ-ഇരവിപുരം-കൊല്ലം എന്നിങ്ങനെ ഏഴു മണ്ഡലങ്ങളും എൽഡിഎഫ് തൂത്തുവാരി.

കൊല്ലം-ചവറ ഒഴികെ മറ്റ് അഞ്ചിടങ്ങളിലും എൽഡിഎഫ് 22000 മുതൽ 35000 വരെ ഭൂരിപക്ഷം നേടി. ചവറയിൽ 6189-ഉം കൊല്ലത്ത് 17611-ഉം ആയിരുന്നു ഭൂരിപക്ഷം. ചാത്തന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന ദയനീയതയും യുഡിഎഫിനുണ്ടായി. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിലും നിയമസഭാ തെരെഞ്ഞെടുപ്പിലും കൊല്ലത്തെ ചുവപ്പണിയിച്ച വിജയത്തിന് ചുക്കാൻ പിടിച്ചത് അന്ന് സിപിഎം ജില്ലസെക്രട്ടറിയായിരുന്ന ബാലഗോപാൽ ആയിരുന്നു. പാർട്ടിയുടെ എല്ലാ ഘടകങ്ങൾക്കും വർഗ്ഗബഹുജന സംഘടനകൾക്കും ഒരുപോലെ സ്വീകാര്യനും സ്നേഹിതനുമായ ബാലഗോപാലിന്റെ സംഘബോധവും സംഘടനാമികവുമാണ് എൽഡിഎഫിന്റെ കൊല്ലത്തെ അഭൂതപൂർവ്വമായ വിജയത്തിന് ചാലകശക്തിയായത്.

2019-ലെ ലോക്സഭാ സ്ഥാനാർത്ഥിയെ എൽഡിഎഫ് ഔദ്യോഗികമായ് പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ ബാലഗോപാൽ തന്നെയാകും സ്ഥാനാർത്ഥിയെന്ന രൂഢമൂലമായ വിശ്വാസം അണികളിലും നാട്ടിലും നിഴലിച്ചിരുന്നു.

1981-ൽ പുനലൂർ എസ്എൻ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കോളേജ് യൂണിയൻ ചെയർമാനുമായ ബാലഗോപാൽ എസ്എഫ്ഐ അഖിലേന്ത്യാപ്രസിഡന്റ് വരെയെത്തുന്ന കാലയളവിൽ നിരവധി സമരപോരാട്ടങ്ങളും അക്കാഡമിക് മികവും കൂട്ടിയോജിപ്പിക്കപ്പെടുന്നു.
സമാനതകളില്ലാത്ത യാതനകളിലൂടെ കടന്നുപോകുമ്പോഴും പഠനമികവിൽ അരക്കഴഞ്ച് പോലും പിന്നോട്ട് പോകാതെ ബിരുദവും ബിരുദാനന്തരബിരുദവും എൽഎൽബിയും ഫസ്റ്റ്ക്ലാസിനും മുകളിൽ മാർക്കും എൽഎൽഎം-ന് ഒന്നാം റാങ്കും കരസ്ഥമാക്കിയാണ് ബാലഗോപാൽ വിദ്യാർത്ഥി ജീവിതത്തിന് വിരാമം കുറിച്ചത്.

പിന്നീട് ഡിവൈഎഫ്ഐ അഖിലേന്ത്യാപ്രസിഡന്റും കർഷകസംഘം ദേശീയ ജോയിന്റ് സെക്രട്ടറിയുമായത് ജനജീവിതത്തെ അടുത്തറിയുന്നതിന്, കർഷകരുടെയും കർഷകത്തൊഴിലാളികളുടേയും കണ്ണീരുറയുന്ന ജീവിതപരിസരങ്ങളെ മനസ്സിലാക്കാൻ, അവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കാൻ അദ്ദേഹത്തെ സഹായിച്ചു.

മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന പുരസ്കാര ജേതാവ് കൂടിയ ബാലഗോപാൽ പാർട്ടിയുടെ ജനകീയമുഖവും ഉജ്ജ്വലപ്രഭാകനുമാണ്. എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ഡവലപ്മെന്റ് ഏർപ്പെടുത്തിയ യൂസർ ഫീ പിൻവലിക്കുന്നതിനായി ബാലഗോപാൽ പാർലിമെന്റിൽ കൊണ്ടുവന്ന സ്റ്റാറ്റ്യൂട്ടറിപ്രമേയം അന്തർദ്ദേശീയ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ഡൽഹി എയർപോർട്ട് യാത്രക്കാരിൽ നിന്നും ഈടാക്കിയ 1481 കോടി രൂപ പ്രത്യേകഫണ്ടാക്കി മാറ്റണമെന്നും, സിഎജിയുടെ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നുമായിരുന്നു പ്രമേയം.

2010-2016 കാലയളവിൽ രാജ്യസഭാംഗം ആയിരുന്ന ബാലഗോപാൽ കേന്ദ്രമനുവദിച്ച പ്രാദേശികവികസനഫണ്ട് 27 കോടിരൂപയും പലിശവിഹിതം ഉൾപ്പെടെ 29.84 കോടി രൂപയാണ് ചെലവഴിച്ചത് (102.65%). കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും ഉത്തരാഖണ്ഡ്, ജമ്മു-കാശ്മീർ എന്നീ സംസ്ഥാനങ്ങളിലെ പ്രളയാനന്തര പുന:രധിവാസത്തിനുമാണ് (50 ലക്ഷം) തുക വിനിയോഗിക്കപ്പെട്ടത്.

കൊല്ലത്ത് മാത്രമായി 16.28 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്.
വിദ്യാഭ്യാസം-5.36 കോടി, ആരോഗ്യമേഖല-3.58 കോടി, അടിസ്ഥാനസൗകര്യ വികസനം-5.25 കോടി, സാംസ്കാരിക മേഖല-1.54 കോടി, കുടിവെള്ളം-55 ലക്ഷം എന്നിങ്ങളെ സമഗ്രമേഖലയിലും പദ്ധതിയുടെ പ്രയോജനം ലഭിച്ചു. റോഡ് വികസനത്തിനായ് മാത്രം 237.2 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

രാജ്യസഭാംഗത്തിന്റെ പരിമിതികളിൽ നിന്ന് കൊണ്ട് പരമാവധി പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞത് കെഎൽബി-യുടെ ജയസാധ്യതയ്ക്ക് അനുകൂലഘടകമാകുമെന്ന് ഇടതുമുന്നണി വിശ്വസിക്കുന്നു. ദേശിംഗനാടിന്റെ മനസ്സറിഞ്ഞ് എൽഡിഎഫ് ജനപ്രതിനിധികൾ തുറന്നിട്ട വികസനപരമ്പരയാണ് കൊല്ലം ഇക്കുറിചുപ്പണിയും എന്ന് ഉറപ്പിക്കുന്നതിന്റെ രാഷ്ട്രീയമായി നിരീക്ഷകർ കാണുന്നത്.

എംപി എന്ന നിലയിൽ കഴിഞ്ഞ ടേമിൽ പ്രേമചന്ദ്രൻ മുൻപുള്ളതിനേക്കാൾ ശരീരസാന്നിധ്യം മാത്രമായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. തൊഴിലാളികൾക്ക് ഒരു ചലനവും പാർലിമെന്റിൽ പുലർത്തുവാനോ, തനതായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാനോ, പുതിയ വ്യവസായ സംരഭങ്ങൾ കൊണ്ടുവരുവാനോ പ്രേമചന്ദ്രന് കഴിഞ്ഞിട്ടില്ലായെന്നത് യുഡിഎഫ് പാളയത്തേയും ആശങ്കപ്പെടുത്തുന്നു.

മത്സ്യബന്ധനത്തൊഴിലാളികൾ, കർഷകർ, കശുവണ്ടി-കയർ-തോട്ടം തൊഴിലാളികൾ, പട്ടികജാതി-പട്ടികവർഗ്ഗവിഭാഗങ്ങൾ, മതന്യൂനപക്ഷങ്ങൾ, മുന്നോക്കക്കാരിലെ പിന്നോക്കക്കാർ എന്നിവർക്കായി പിണറായി സർക്കാർ നടപ്പിലാക്കിയ ക്ഷേമ-വികസന പദ്ധതികളെല്ലാം ബാലഗോപാലിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കും എന്ന് തന്നെയാണ് എൽഡിഎഫ് കണക്കുകൂട്ടൽ.

സിഎംപിയുടെ സിപിഎം ലയനവും ആർ.ബാലകൃഷ്ണപിള്ളയുടെയും, കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ആർഎസ്പി-ലെനിനിസ്റ്റിന്റേയും എൽഡിഎഫ് വരവും കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്തമായി എൽഡിഎഫിന് പ്രതീക്ഷ നല്കുന്ന ഘടകങ്ങളാണ്.

എൻഡിഎ സ്ഥാനാർത്ഥിയായി അവസാനം പ്രത്യക്ഷപ്പെട്ട KV.സാബു പ്രേമചന്ദ്രന്റെ നോമിനിയാണെന്ന് മണ്ഡലത്തിൽ പരക്കെയുള്ള ധാരണ യുഡിഎഫിന് അനുകൂലമായാലും,
കെഎൻബി-യുടെ വിജയസാധ്യതയെ അത് ബാധിക്കില്ലായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എങ്കിലും, ചവറ, കൊല്ലം നിയമസഭാമണ്ഡലങ്ങളിൽ നേരിയ മുൻതൂക്കം യുഡിഎഫിന് ലഭിച്ചേക്കാമെങ്കിലും മറ്റ് മണ്ഡലങ്ങളിലെ മികവ് കൊണ്ട് അത് മറികടക്കാനാകുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് എൽഡിഎഫ്. എന്തായിരുന്നാലും, മലയാളമണ്ണിലെ വീറും വാശിയും അതിന്റെ പരകോടിയിൽ എത്തുന്ന മത്സരവേദിയാകും കൊല്ലം.