കൊല്ലം ഇക്കുറി ഇടതിനൊപ്പം; 24 കേരള ന്യൂസ് അഭിപ്രായ സര്‍വേ ഫലം

കൊല്ലത്ത് കൈവിട്ടുപോയ ലോക്സഭാ സീറ്റ് ഇക്കുറി എൽ.ഡി.എഫ് തിരികെ പിടിക്കും. ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന കൊല്ലം ലോക്സഭാ മണ്ഡലത്തിൽ അഞ്ചിടത്തും വ്യക്തമായ മേൽക്കോയ്മ സ്വന്തമാക്കിയാകും ഇടതുപക്ഷം ആധിപത്യം ഉറപ്പിക്കുകയെന്നും ചവറ, കൊല്ലം മണ്ഡലങ്ങളിൽ യു.ഡി.എഫ്‌ നേരിയ ഭൂരിപക്ഷം നേടുമെന്നുമാണ് മണ്ഡലങ്ങളിലെ മനസ്സറിഞ്ഞുള്ള 24kerala.com-ന്റെ വിലയിരുത്തൽ. കേരളത്തിൽ സ്ഥാനാർത്ഥിത്വം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ 2014-ലെ ചിത്രം മാറിമറിയും എന്നാണ് പൊതുധാരണ . സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ എം.എ.ബേബിയെ വ്യക്തമായ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ എൻ.കെ.പ്രേമചന്ദ്രൻ മൂന്നാം ഊഴത്തിൽ പരാജയപ്പെടുമെന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നത്. പ്രേമചന്ദ്രന്റെ സമകാലിക രാഷ്ട്രീയ നിലപാടുകളും വാക്കും പ്രവ്യത്തിയും അണികളിലും പൊതുമനസ്സിലും ഉയര്‍ത്തുന്ന ചോദ്യങ്ങളാണ് പ്രേമചന്ദ്രന്റെ പരാജയത്തിലേക്ക് വിരൽ ചൂണ്ടുന്നത്. തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ വോട്ടുകച്ചവടത്തിന്റെ പേരിൽ കൊല്ലത്ത് ബി.ജെ.പി-യിലുണ്ടായ പോരും പരസ്യമായ പൊട്ടിത്തെറിയും യു.ഡി.എഫിന്റെ നില കൂടുതൽ പരുങ്ങലിലാക്കിയിട്ടുണ്ട്. ചർച്ച ഏറ്റെടുത്ത ദൃശ്യമാധ്യമങ്ങൾ പ്രശ്നം വിചാരണ ചെയ്യപ്പെട്ടപ്പോൾ തത്സമയം രംഗത്തു വന്ന പ്രേമചന്ദ്രന്റെ വാക്കുകളും കൊല്ലത്ത് ചൂടേറിയ വാഗ്വാദങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്. ബി.ജെ.പിക്ക് സ്വാധീനമില്ലാത്തിടങ്ങളിൽ അവരുടെ വോട്ട് സ്വീകരിക്കുന്നതിൽ എന്ത് അപാകതയാണുള്ളത് എന്നായിരുന്നു പ്രേമചന്ദ്രൻ ഇതിനോട് പ്രതികരിച്ചത്. കൊല്ലത്ത് ബി.ജെ.പിയും യു ഡി.എഫും തമ്മിലുണ്ടായിരുന്നതായി പറയപ്പെടുന്ന രഹസ്യ അജണ്ടയാണ് ഇതോടെ മറനീക്കി പുറത്ത് വന്നത്. ഇതും യു.ഡി എഫ് ക്യാമ്പിനെയാകെ ആശങ്കയിലാക്കിയിട്ടുണ്ട്.

അതേസമയം ഒന്നാം ഘട്ട ഇലക്ഷന്‍ പ്രചാരണത്തില്‍ മണ്ഡലത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടാന്‍ എന്‍.കെ പ്രേമചന്ദ്രന് കഴിഞ്ഞു എന്നത് യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍, രണ്ട്,മൂന്ന് ഘട്ടമെത്തിയപ്പോള്‍ ഇടതുപക്ഷത്തിന്റെ സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയും കെ.എന്‍ ബാലഗോപാല്‍ മറ്റ് സ്ഥാനാര്‍ത്ഥികളെ പിന്തള്ളി പ്രചാരണത്തില്‍ മുന്നിലെത്തുകയും ചെയ്തു.

2014 ലോക്സഭ തെരഞ്ഞെടുപ്പിൽ 408528 വോട്ടുകൾ നേടിയ പ്രേമചന്ദ്രൻ മുപ്പത്തി ഏഴായിരത്തി അറുന്നൂറ്റി നാൽപത്തി ഒൻമ്പത് വോട്ടുകൾക്കാണ് എം.എ.ബേബിയെ തോല്പിച്ചത്. ചവറ ( 24,441), കുണ്ടറ (6,911) കൊല്ലം (14,242) ഇരവിപുരം (6, 564 ) തുടങ്ങിയ മണ്ഡലങ്ങളിലാണ് പ്രേമചന്ദ്രൻ ലീഡുയർത്തിയത്.
മൂന്ന് ലക്ഷത്തി എഴുപതിനായിരത്തി എണ്ണൂറ്റി എഴുപത്തി ഒമ്പത് വോട്ടുകൾ നേടിയ എം.എ ബേബി പുനലൂർ (4,640) ചടയമംഗലം (6,806) ചാത്തന്നൂർ (3,664 ) എന്നിവിടങ്ങളിൽ നേരിയ ഭൂരിപക്ഷം മാത്രമായി ഒതുങ്ങി. എൻ.ഡി.എ സ്ഥാനാർഥിയായ പി.എം വേലായുധൻ 58671 വോട്ടുകളാണ് നേടിയത്. എന്നാൽ തുടർന്നുണ്ടായ തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 2014-ലെ ലോക്സഭ വോട്ട് കണക്ക് പട്ടിക പാടെ മാറി മറിഞ്ഞു.

വ്യക്തമായ ഭൂരിപക്ഷം നേടി ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൊല്ലത്ത് എൽ.ഡി.എഫ് തൂത്തുവാരി. കേരളത്തിലുടനീളം യു.ഡി.എഫ് വൻ പരാജയമാവുകയും ആർ.എസ്.പി കേരളീയ രാഷ്ട്രീയ ചിത്രത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. കേരളത്തിൽ യു.ഡി.എഫിന് ഉണ്ടായ തകർച്ചയുടെ ആഘാതം കൂടുതൽ തീവ്രമായിരുന്നത് കൊല്ലത്തായിരുന്നു. ഇടതുപക്ഷത്തിന് മണ്ഡലമാകെയുള്ള ഈ രാഷ്ട്രീയ അടിത്തറ തകർക്കാൻ നിലവിലെ യു.ഡി.എഫ്.സംഘടനാ സംവിധാനത്തിനോ ശബരിമല വിശ്വാസ വിഷയം മാത്രം തെരഞ്ഞെടുപ്പിന് പ്രചരണ ആയുധമാക്കുന്ന ബി.ജെ.പിക്കോ തകർക്കാനാകാത്ത വിധം ശക്തമാണെന്നാണ് മണ്ഡലത്തിലെ പൊതുവികാരം.

ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പൊതിച്ചോറ് വിതരണത്തെക്കുറിച്ച്‌ പ്രേമചന്ദ്രൻ നടത്തിയ മോശം പരാമർശവും അതിനെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയ നടപടിയും കമ്മീഷൻ അത് തള്ളിയതും ശബരിമല വിധിയെ തുടർന്ന് സർക്കാർ സ്വീകരിച്ച നടപടികളെ മുൻനിർത്തി മതസ്പർദ്ധ വളർത്തും വിധം തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിച്ചതും കക്ഷി രാഷട്രീയത്തിനതീതമായി പ്രേമചന്ദ്രനെതിരായ വികാരമായി മണ്ഡലത്തിൽ ശക്തമായി പ്രതിഫലിക്കുന്നുണ്ടെന്നും അത് പ്രേമചന്ദ്രന് തിരിച്ചടിയാകുമെന്നുമാണ് ഭൂരിപക്ഷ വോട്ടർമാരുടെയൂം അഭിപ്രായം.

ആർ.എസ്.പിയിലെ തല മുതിർന്ന നേതാവും മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായിരുന്ന പ്രൊഫ.റ്റി.ജെ.ചന്ദ്രചൂഡന്റെയും ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായിരുന്ന എ.എ.അസീസിന്റേയും, മുൻ മന്ത്രിയും ആർ.എസ്.പി ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ ഷിബു ബേബി ജോണിന്റെയും തെരഞ്ഞെടുപ്പ് രംഗത്തെ അസാന്നിദ്ധ്യം മണ്ഡലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നു. ചവറ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ ആർ.എസ്.പി യിൽ നിന്നുമുണ്ടാകാത്ത നിസംഗതയും നിസ്സഹകരണവും യു.ഡി.എഫിന്റെ ദുർബലമായ സംഘടനാ ശേഷിയും പ്രചരണ പ്രവർത്തനങ്ങളിലെ താല്പര്യക്കുറവുമെല്ലാം പ്രേമചന്ദ്രന്റെ വിജയത്തിന് പ്രതികൂലമാകുമെന്നാണ് പരക്കെയുള്ള അഭിപ്രായം. കേരള കിസിഞ്ചർ ബേബിജോണിന് ചവറയുടെ മണ്ണ് നൽകിയ സ്നേഹവും സ്വീകാര്യതയും നിലവിലെ എംഎൽഎ വിജയൻ പിളളയ്ക്ക് ലഭിക്കുന്നതും നാട്ടുകാരുടെ വിജയന്‍ അണ്ണനായി എം.എൽ.എ. മാറിയതും വിജയൻ പിള്ളക്ക് മണ്ഡലത്തിലുടനീളമുള്ള സ്വാധീനവും യു.ഡി.എഫിനെ അടിമുടി ഉലയ്ക്കുന്നതായാണ് 24kerala.com കണ്ടെത്തിയത്.

തെരഞ്ഞെടുപ്പിന്റെ നിർണായക ദിവസങ്ങളിൽ കൊല്ലം ഡി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കന്മാർ രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്കായി വയനാട്ടിലേക്ക് പോയതും യു.ഡി.എഫ്. ക്യാമ്പിൽ അതൃപ്തിയും അണികളിൽ അമർഷവുമുണ്ടാക്കിയിട്ടുണ്ട്. ഇവയെല്ലാം പ്രേമചന്ദ്രന്റെ വിജയ സ്വപ്നത്തിന് ബൂമറാംഗ് പോലെ തിരിച്ചടിയാകുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പോലും രഹസ്യമായി സമ്മതിക്കുന്നു. പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും സ്വീകരണ പരിപാടികളിലും പ്രകടമായ ജനപങ്കാളിത്തമില്ലായ്മയും പരമ്പരാഗത തൊഴിലാളികള്‍ പ്രത്യേകിച്ചും തീരദേശങ്ങളിലേയും മലയോരപ്രദേശങ്ങളിലേയും സ്വീകരണയോഗങ്ങളില്‍ നിന്ന് അവര്‍ വിട്ടുനിന്നതും പ്രേമചന്ദ്രന്റെ പരാജയ ലക്ഷണമായാണ് വിലയിരുത്തുന്നത്.

എൽ.ഡി.എഫ്. സർക്കാർ അടിസ്ഥാന വർഗങ്ങളുടെ സാമൂഹ്യ ജീവിതപ്രശ്ന പരിഹാരമായ് ‘ നടപ്പിലാക്കിയ വികസന – ക്ഷേമ പദ്ധതികളുടെയും വിദ്യാഭ്യാസ-ആരോഗ്യ- പരിസ്ഥിതി -കാർഷിക മേഖലകൾക്ക് ഊന്നൽ നൽകി സമഗ്ര മേഖലകളിലും സമൃദ്ധമായി പ്രാവർത്തികമാക്കിയ പദ്ധതികളുടെയും നേട്ടങ്ങൾ തുറന്നിട്ടാണ് എൽ.ഡി.എഫിന്റെ പ്രചരണ മുന്നേറ്റം. 6,557 കോടി രൂപയുടെ വികസന പദ്ധതികളാണ് സംസ്ഥാന സർക്കാർ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ മാത്രമായി- കുണ്ടറ (I,I00 കോടി) കൊല്ലം (1,157 കോടി) ചവറ ( 600 കോടി) പുനലൂർ ( 1,000 കോടി) ചടയമംഗലം ( 900 കോടി) ഇരവിപുരം (600 കോടി) ചാത്തന്നൂർ ( 1,200 കോടി) – നടപ്പിലാക്കിയത്. ഇത് എൽഡിഎഫ് വിജയം സുഗമമാക്കുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.

രാജ്യസഭാംഗമായിരുന്ന കാലത്ത് എം.പി ഫണ്ടിൽ നിന്ന് അനുവദിക്കപ്പെട്ട 27 കോടിയും പലിശ വിഹിതവും ഉൾപ്പെടെ 29.84 കോടി രൂപയാണ് (102.65 %) സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി ബാലഗോപാൽ ചെലവഴിച്ചത്.
ഇതിൽ 16.28 കോടി രൂപ കൊല്ലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് മാത്രമായാണ്‌ വിനിയോഗിച്ചത്. ഇത് ബാലഗോപാലിന്റെ വിജയ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡെവലപ്മെന്റ് രാജ്യത്ത് ഏർപ്പെടുത്തിയ യൂസർ ഫീ- പിൻവലിക്കാനായി രാജ്യസഭയിൽ ബാലഗോപാൽ കൊണ്ടുവന്ന സ്റ്റാറ്റിയൂട്ടറി പ്രമേയം അന്തർദേശീയ ശ്രദ്ധ നേടിയിരുന്നു. മൺട്രോത്തുരുത്തിലെ പാരിസ്ഥിതിക മലിനീകരണ പ്രശ്നങ്ങളെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തി തുരുത്തിന് അതിജീവനത്തിന് പാതയൊരുക്കാൻ നടത്തിയ പരിശ്രമങ്ങളും പുനലൂർ തൂക്കുപാലം സംരക്ഷിക്കുന്നതിനായും ജഡായു പാറയെ ലോക വിനോദസഞ്ചാര ഭൂപടത്തിലേക്ക് എത്തിക്കുന്നതിനായും സ്വീകരിച്ച നിലപാടുകളും സാമൂഹ്യജീവിതപ്രശ്ന പരിഹാരമായ ഇടപെടലുകളും സ്കൂളുകളിൽ നടപ്പിലാക്കിയ ബാഗ് ലസ് പദ്ധതിയും മണ്ഡലത്തിൽ ബാലഗോപാലിന് അനുകൂലമാകുമെന്നാണ് പൊതു അഭിപ്രായം.

എസ്എഫ്ഐ-ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്, കർഷ സംഘം ദേശീയ ജോ:സെക്രട്ടറി, സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ബാലഗോപാലിന്റെ നേതൃത്വപാടവവും പാർട്ടി ഘടകങ്ങളിലെല്ലാം ബാലഗോപാലിനോടുള്ള സ്നേഹവും സ്വീകാര്യതയും എൽ.ഡി.എഫിലെ ഘടകകക്ഷികളോടുള്ള ബാലഗോപാലിന്റെ സൗഹൃദ സമീപനങ്ങളും എൽ.ഡി.എഫിന്റെ വിജയത്തിന് മുതൽകൂട്ടാകുമെന്നാണ് പാർട്ടി ഘടകങ്ങളും കരുതുന്നത്. അദ്ദേഹത്തോടൊപ്പം എസ്എഫ്ഐ-യിൽ പ്രവർത്തിച്ചിരുന്ന ഏതാണ്ടെല്ലാവരും തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണെന്നതും, വിദേശത്ത് ജോലി തേടിപ്പോയ വിവിധ കാലഘട്ടങ്ങളിലെ സഹപ്രവർത്തകരായ മുൻ എസ്എഫ്ഐ-ഡിവൈഎഫ്ഐക്കാരും ലീവെടുത്ത് വിവിധ അസംബ്ലി മണ്ഡലങ്ങളിൽ സ്വന്തം ചിലവിൽത്തന്നെ ഹോട്ടലുകളിൽ റൂമെടുത്തും സുഹൃത്തുക്കളുടെ വീടുകളിൽ തങ്ങിയും സ്ക്വാഡ് വർക്കുകളിൽ വരെ സജീവമായി ഇടപെടുന്നതും, ഇലക്ഷൻ ഗാനങ്ങളും ഷോർട്ട് ഫിലിമുകളും വീഡിയോ ആൽബങ്ങളും തയ്യാറാക്കി ഊർജ്ജസ്വലരാകുന്നതും 24kerala.com പ്രവർത്തകർക്ക് അനുഭവവേദ്യമായി.

കയർ-കശുവണ്ടി-തോട്ടം തൊഴിലാളികളുടെയും മത്സ്യബന്ധന തൊഴിലാളികളുടെയും പട്ടികജാതി-പട്ടിക വർഗവിഭാഗങ്ങളുടെ പരസ്യപിന്തുണയും എൽഡിഎഫ് വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുമെന്നു തന്നെയാണ് കണക്കുകൂട്ടൽ. ബാലകൃഷ്ണപിള്ളയുടെ കേരളാ കോൺഗ്രസ് (ബി)യും, എം.പി വീരേന്ദ്രകുമാറിന്റെ ജനതാദളും ഐ.എൻ.എല്ലും എൽ.ഡി.എഫ് ഘടകകക്ഷികളായതും സി.എം.പിയുടെ സി.പി.എം ലയനവും കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആർ.എസ്.പി ലെനിനിസ്റ്റിന്റെ സാന്നിദ്ധ്യവും എൽ.ഡി.എഫ് വിജയം ഉറപ്പിക്കുമെന്നു രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു.

മതന്യൂനപക്ഷങ്ങളുടെയും എസ്.എൻ.ഡി.പി , വിശ്വകർമ്മസഭ, കെ.പി.എം.എസ്, സി.കെ. ജാനുവിന്റെ ആദിവാസി ഗോത്രമഹാസഭ എന്നിവയുടെ എൽ.ഡി.എഫ്. വിജയാഹ്വാനവും ശബരിമല വിഷയം രാഷ്ട്രീയവത്കരിക്കാൻ ശ്രമിച്ച ബിജെപി-കോൺഗ്രസ് മുന്നണികളെ വിമർശിച്ചു കൊണ്ട് എൻ.എസ്.എസ്. ഒടുവിൽ പ്രഖ്യാപിച്ച സമദൂരസിദ്ധാന്തവുമെല്ലാം പ്രേമചന്ദ്രന്റെ പരാജയത്തിന് ആക്കം കൂട്ടുമെന്നാണ് 24kerala.com -ന്റെ കണ്ടെത്തൽ. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 4,93,212 വോട്ടുകളാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്വന്തമാക്കിയത്. യു.ഡി.എഫ് 3,17, 172, വോട്ടും എൻ.ഡി.എ 13,0672 വോട്ടുമാണ് നേടിയത്. 1,76,040 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തിലുടനീളം എൽ.ഡി.എഫ് സ്വന്തമാക്കിയത്.
എന്നാൽ 2016-ലെ നിയമസഭയ്ക്ക് സമാനമായ ഭൂരിപക്ഷം എൽ.ഡി.എഫിന് ലഭിക്കാനുള്ള സാധ്യത കുറവാണെന്നും 24kerala.com മനസ്സിലാക്കുന്നു.

എൽ.ഡി.എഫിന്റെ വിജയം കൊല്ലത്ത് സുനിശ്ചിതമാണെങ്കിലും ചില മണ്ഡലങ്ങളിലെ ചില അടിയൊഴുക്കുകളും. നിഷ്പക്ഷ വോട്ടർമാരുടെയും പുതു വോട്ടർമാരുടെയും മനസ്സാക്ഷി വോട്ട് പ്രഖ്യാപനവും ബി.ജെ.പി.യുടെ വോട്ട് തന്ത്രം യാഥാർത്ഥ്യമാണെങ്കിൽ അതും എൽ.ഡി എഫിന്റെ ഭൂരിപക്ഷം കുറയ്ക്കുന്നതിന് ഇടയാക്കുമെന്നാണ് 24kerala.com നിരീക്ഷിക്കുന്നത്. ചവറയിൽ 6000-8000-വും കൊല്ലത്ത് 2000-4000-വും ഭൂരിപക്ഷം യുഡിഎഫിന് ഉണ്ടായേക്കാമെങ്കിലും, മറ്റ് അഞ്ച് മണ്ഡലങ്ങളിൽ നേടുന്ന ഭൂരിപക്ഷം കൊണ്ട് എൽഡിഎഫ് അനായാസ വിജയം ഉറപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ 11000 മുതൽ 19000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽ.ഡി എഫ് സീറ്റ് പിടിച്ചെടുക്കുക തന്നെ ചെയ്യും. മറിച്ച് അടിയൊഴുക്കുകൾ അപ്രസക്തമാകുന്ന പക്ഷം അദ്ഭുതകരമായ വിജയമാണ് കൊല്ലത്ത് എൽ.ഡി.എഫിനെ കാത്തിരിക്കുന്നത്.

24Kerala.com -ന്റെ ഏഴംഗ പാനലൽ 10 ദിവസങ്ങൾ തോറും മൂന്നു ഘട്ടങ്ങളിലായി ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലും നേരിട്ട് എത്തിയാണ് അഭിപ്രായങ്ങൾ ശേഖരിച്ചത്. ഒന്നാം ഘട്ടം പാനലിലെ ഓരോരുത്തരും പ്രത്യേകമായും രണ്ടാം ഘട്ടത്തിൽ ഏഴംഗ സംഘം ഒരുമിച്ചും മണ്ഡലങ്ങൾ സന്ദർശിച്ച് വോട്ടർമാരെ നേരിട്ടു കണ്ട് മനസ്സറിഞ്ഞാണ് മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ 24Kerala.com മനസ്സിലാക്കിയത്. മൂന്നാം ഘട്ടത്തിൽ ഏഴംഗ സംഘം ഒരുമിച്ചിരുന്ന് വോട്ടർമാരുടെ അഭിപ്രായങ്ങൾ വസ്തുനിഷ്ഠമായി വിശകലനം ചെയ്ത് ക്രോഡീകരിച്ചാണ് അന്തിമ റിപ്പോർട്ടിലേക്ക് 24Kerala.com എത്തിയത്.

24Kerala.com ഡയറക്ടര്‍, മാധ്യമപ്രവർത്തകനായ ഗിരീഷ്.ജി മുഖത്തല,രാഷ്ട്രീയ നിരീക്ഷകനായ ആർഎസ്.ഭാസ്ക്കരനുണ്ണി,
അനൂപ്, ഷെഫീഖ്, അശ്വിൻ, ആമി എന്നിവരാണ് സര്‍വേ ടീമിന്റെ ഭാഗമായത്.