കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കണ്ണൂര്‍ എടയന്നൂര്‍ സ്വദേശി ശുഹൈബ് കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അറിയാതെ കണ്ണൂരില്‍ ഇങ്ങനെയൊരു കൊലപാതകം നടക്കില്ലെന്നും കൊലപാതകം നടത്താന്‍ സിപിഎം ജില്ലയില്‍ കില്ലര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും വി.ഡി.സതീശന്‍ പറഞ്ഞു. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കളക്ടേറ്റിനു മുന്നില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന് ഈ കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നു വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി അറിയാതെയാണെങ്കില്‍ ഈ കൊലപാതകം ആസൂത്രണം ചെയ്ത ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കാന്‍ അദ്ദേഹം തയാറാകണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. ശുഹൈബിനെ കൊലപ്പെടുത്തിയ രീതി അറിഞ്ഞാല്‍ ഐഎസ് ഭീകരന്മാര്‍ പോലും സിപിഎമ്മിനു മുന്നില്‍ ആയുധം വച്ചു കീഴടങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, കുറ്റവാളികളെ പിടികൂടാന്‍ വൈകുന്നതില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമായിട്ടുണ്ട്. ശുഹൈബിന്റെ കൊലയാളികളെ പിടികൂടുക, സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കളക്ടേറ്റിനു മുന്നില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം രാവിലെ 10 മണിക്കാണ് ആരംഭിച്ചത്. ഉച്ചയ്ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെത്തി സമരം ഉദ്ഘാടനം ചെയ്യും. ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കെഎസ്യു ഇന്നു കണ്ണൂര്‍ ജില്ലയില്‍ പഠിപ്പു മുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നു പരുക്കേറ്റു ചികില്‍സയിലുള്ളവര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നിട്ടും അക്രമിസംഘത്തെക്കുറിച്ച് ഒരു വിവരവും പൊലീസിനു കണ്ടെത്താന്‍ സാധിച്ചില്ലെന്നും ആരോപണമുണ്ട്. എടയന്നൂരില്‍ വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തിയാണ് ചൊവ്വാഴ്ച രാത്രി വൈകി ശുഹൈബിന്റെ കബറടക്കം നടത്തി.