കൊതുകിനെ തുരത്താന്‍ തോക്കെടുക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ലെന്ന് കോടിയേരി

കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിപിഎം മുന്‍ കൗണ്‍സിലറുമായിരുന്ന സി ഒ ടി നസീറിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്‍ . സി ഒ ടി നസീറിനെ ആക്രമിക്കേണ്ട കാര്യമൊന്നും സിപിഎമ്മിനില്ല. സംഭവത്തെകുറിച്ച്‌ പാര്‍ട്ടി വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

‘അക്രമ പാതയില്‍ നിന്ന് പൂര്‍ണമായും പിന്തിരിയണം എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത് . സിപിഎം ശത്രു പക്ഷത്ത് നിര്‍ത്താന്‍ മാത്രം അയാ‌ള്‍ ആരാണ്? കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല’- കോടിയേരി നിലപാട് വ്യക്തമാക്കി.

ഇന്നലെ വൈകിട്ടാണ് ത‌ല‌ശ്ശേരി പുതിയ‌സ്റ്റാന്‍റ് പ‌രിസ‌ര‌ത്ത് നില്‍ക്കുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അക്രമം. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നസീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.