കൊച്ചി മുസരീസ് ബിനാലെയുടെ നാലാം പതിപ്പിന് ഇന്ന് തുടക്കം

കൊച്ചി: കൊച്ചി മുസരീസ് ബിനാലെയുടെ നാലാം പതിപ്പിന് ഇന്ന് തുടക്കം. 108 ദിവസം നീണ്ടു നില്‍ക്കുന്ന കലാ വേദി വൈകിട്ട് 6.30 ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 31 രാജ്യങ്ങളിലെ 138 കലാകാരന്‍മാര്‍ ഒരുക്കുന്ന കലാവിരുന്നാണ് ഇത്തവണ ബിനാലെ ആസ്വാദകരെ കാത്തിരിക്കുന്നത്. പകുതിയിലധികം വനിതാ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന ലോകത്തിലെ ആദ്യ ബിനാലെയെന്ന ഖ്യാതിയും കൊച്ചി മുസരീസ് ബിനാലെയുടെ നാലാം പതിപ്പിന് സ്വന്തം.

‘അന്യത്വത്തില്‍നിന്നും അന്യോന്യതയിലേക്ക്’ എന്നതാണ് നാലാം ലക്കത്തിന്റെ പ്രമേയം. ഉച്ചക്ക് 12 മണിക്ക് ആസ്പിന്‍ വാള്‍ ഹൗസില്‍ ബിനാലെ വേദികള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കപ്പെടും. ഒന്‍പത് വേദികളിലായി 31 ല്‍പ്പരം രാജ്യങ്ങളിലെ 138 കലാകാരാണ് തങ്ങളുടെ സൃഷ്ടികളുമായി ബിനാലെക്കായി ഒത്ത് ചേരുക. പെരുവനം കുട്ടന്മാരാരുടെ മേളത്തഴക്കത്തോടെയാവും ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക.

ആര്‍ക്കും അഭിപ്രായം സ്വതന്ത്രമായി പറയാന്‍ അവസരമൊരുക്കുന്ന പവലിയന്‍ ബിനാലെയുടെ ജനകീയത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കലാപ്രദര്‍ശനം, ചര്‍ച്ചകള്‍, സംഗീതം, നൃത്തം, സിനിമ തുടങ്ങി എല്ലാ മേഖലകളിലെയും അവതരണം ബിനാലെയില്‍ ഉണ്ടാകും. പ്രധാന വേദിയായ ആസ്പിന്‍ വാളില്‍ ക്യുറേറ്റല്‍ അനിത ദുബെ രാവിലെ പതാകയുയര്‍ത്തും.

ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലാണ് ബിനാലെയുടെ പ്രധാന വേദികള്‍. പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസ് കൂടാതെ, എറണാകുളം ഡര്‍ബാര്‍ഹാള്‍, പെപ്പര്‍ഹൗസ്, കബ്രാള്‍ യാര്‍ഡ്, ഡേവിഡ് ഹാള്‍, കാശി ടൗണ്‍ ഹൗസ്, കാശി ആര്‍ട്ട് കഫെ, ആനന്ദ് വെയര്‍ഹൗസ്, എംഎപി പ്രൊജക്ട്‌സ് സ്‌പേസ്, ടി കെ എം വെയര്‍ഹൗസ് എന്നിവയാണ് മറ്റു വേദികള്‍.

200 ഓളം വിദ്യാര്‍ത്ഥികളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് സമാന്തരമായി സ്റ്റുഡന്റ്‌സ് ബിനാലെയും നടക്കും. ഇക്കുറി ഇന്ത്യയെ കൂടാതെ സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നും സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക് വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഉണ്ടാകും. ഇതു കൂടാതെ ലെറ്റ്‌സ് ടോക്ക് സംഭാഷണ പരിപാടി, ആര്‍ട്ടിസ്റ്റ്‌സ് സിനിമ, മ്യൂസിക് ഓഫ് മുസിരിസ് സംഗീത പരമ്പര, പാരമ്പര്യ കലകള്‍, സമകാലീന സംഗീതം എന്നിവയുടെ പ്രദര്‍ശനവും ബിനാലെയെ സജീവമാക്കും.