കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറി: മരിച്ച അഞ്ചുപേരും മലയാളികള്‍

കൊച്ചി: കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ച അഞ്ചുപേരെയും തിരിച്ചറിഞ്ഞു. ഏരൂര്‍ വെസ്റ്റ് ചെമ്പനേഴ്ത്ത് ഹൗസില്‍ ഉണ്ണികൃഷ്ണന്‍, ഏരൂര്‍ മഠത്തിപ്പറമ്പില്‍ വെളിയില്‍ കണ്ണന്‍ എം.വി, തേവര കുറുപ്പശ്ശേരി പുത്തന്‍വീട്ടില്‍ ജയന്‍ കെ.ബി, വൈപ്പിന്‍ പള്ളിപ്പറമ്പില്‍ റംഷാദ് എം.എം, അടൂര്‍ ഏനാത്ത് ചരുവിള വടക്കതില്‍ ഗവിന്‍ റജി എന്നിവരാണ് മരിച്ചത്.

കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ഒ.എന്‍.ജി.സിയുടെ സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ശ്രീരൂപ് എന്നയാളുടെ നില ഗുരുതരമാണ്. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ തീവ്രപരിചരണവിഭാഗത്തിലാണ്.

അതേസമയം, പൊട്ടിത്തെറിയുണ്ടായ കപ്പലിലെ തീ അണച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കപ്പലിനുള്ളില്‍ ആരും കുടുങ്ങിക്കിടപ്പില്ലെന്നും പരിശോധന അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കപ്പലിന്റെ സ്ഥിരത നിലനിര്‍ത്തുന്നതിനു വേണ്ടി മുന്നിലും പിന്നിലും ടാങ്കുകളില്‍ വെള്ളം നിറയ്ക്കാറുണ്ട്. ഇതില്‍ മുന്നിലെ ടാങ്കില്‍ വെല്‍ഡിങ്ങിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പുക ശ്വസിച്ചാണ് മിക്കവരും മരിച്ചത്. കപ്പല്‍ശാലയ്ക്കുള്ളിലെയും പുറത്തെയും അഗ്‌നിശമന സേനകള്‍ എത്തിയാണ് തീ കെടുത്തിയത്.