കൊങ്കൺ മേഖലയിലെ പെട്രോഗ്ലിഫുകൾ -വ്യാജ ചരിതകാരന്മാരുടെ തൊലിയുരിക്കുന്ന അതിപുരാതന സൃഷ്ടികൾ

ഋഷി ദാസ്. എസ്സ്

പുരാതന ഇന്ത്യയുടെ ചരിത്രം ചില വൈതാളികർ നിരന്തരം വക്രീകരിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്ന് കരുതുന്നതിൽ തെറ്റില്ല . മുഗൾ , ബ്രിട്ടീഷ് കോളനിവാഴ്ചകളെ മഹത്വ വൽക്കരിക്കുന്ന , ആത്മാഭിമാനം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു കൂട്ടം കപട ചരിത്രകാരന്മാരാണ് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം നമ്മുടെ ചരിത്ര രചന നടത്തിയത് .

അവരുടെ വിഡ്ഢിത്തങ്ങൾ പ്രകാരം ഇന്ത്യക്ക് 5000 കൊല്ലത്തിനു മുൻപ് ഒരു അസ്തിത്വമേ ഇല്ല . സൈന്ധവ നഗരങ്ങളിലാണ് ഇന്ത്യയുടെ ഏറ്റവും പുരാതന ശേഷിപ്പുകൾ കുടികൊള്ളുന്നത് എന്നാണ് അവരുടെ വാദം . ഏതാനും ദശാബ്ദങ്ങൾക്കുമുന്പ് , സരസ്വതീ നദീതടത്തിൽ 6000 -9000 വര്ഷം വരെ പഴക്കമുള്ള നഗര ശേഷിപ്പുകൾ ലഭിച്ചിട്ടുപോലും ഈ ഔദ്യോഗിക ചരിത്രകാരന്മാർ ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന രീതിയിലുള്ള അവരുടെ നിലപാട് മാറ്റിയിട്ടില്ല .

അവരുടെ നിലപാടുകൾ എന്തുമായിക്കൊള്ളട്ടെ ഇന്ത്യൻ നാഗരികത നാമൊക്കെ കരുതുന്നതിലും അതിപുരാതനമാണെന്നതിന് തെളിവുകൾ ഇപ്പോൾ രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുകയാണ് . മധ്യപ്രദേശിലെ ഭീംഖേട്ട ഗുഹകളിലെ മൂർത്തരൂപങ്ങൾ ഇപ്പോൾ നിലനിൽക്കുന്ന ഇന്ത്യൻ വിശ്വാസ ബിംബങ്ങളുമായി സാമ്യമുള്ളവയാണ്. 10000 -30000 വര്ഷം വരെയാണ് ഭീംഖേട്ട ഗുഹകളിലെ ശേഷിപ്പുകളുടെ പഴക്കമായി കണക്കാക്കുന്നത്.
ഇപ്പോൾ കൊങ്കൺ മേഖല അപ്പാടെ ഭീംഖേട്ട ഗുഹകളിലെ ശേഷിപ്പുകളെക്കാൾ പഴക്കമുള്ള സുന്ദരമായ കലാമൂല്യമുളള അതിപൗരാണിക ചിത്രങ്ങൾ കണ്ടെടുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് . കൊങ്കണിൽ നൂറിലധികം മേഖലകളിൽ ഇന്നും ഇത്തരത്തിലുള്ള 10000 മുതൽ 40000 വര്ഷം വരെ പഴക്കമുണ്ടെന്ന് പ്രാഥമികമായി അനുമാനിക്കപ്പെടുന്ന പെട്രോഗ്ലിഫുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട് .

2012 ലാണ് ഇത്തരത്തിലെ ആദ്യ ശിലാചിത്രങ്ങൾ കണ്ടെത്തപ്പെട്ടത് . അതിനു ശേഷം ഇന്നേവരെ 1200 ലധികം ശിലാചിത്രങ്ങൾ ഈ മേഖലയിൽനിന്നും കണ്ടെത്തപ്പെട്ടിട്ടുണ്ട് . മനുഷ്യരൂപങ്ങളും , മൃഗരൂപങ്ങളും മാത്രമല്ല ,തികച്ചും സാങ്കല്പികമായ രൂപങ്ങളും ഇവയിൽ ഉണ്ട് . ഇതിൽ നിന്നും തന്നെ ഇവ കൊത്തിയ പുരാതന ഇന്ത്യൻ സംസ്കാരത്തിന് ഉന്നത നിലയിലുളള സങ്കല്പങ്ങൾ ഉണ്ടായിരുന്നു എന്ന് വ്യക്തമാണ് .

ഇപ്പോൾ കണ്ടെത്തപ്പെട്ടിരിക്കുന്നത് മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം കൊങ്കൺ മേഖലയിലെ എല്ലാ പാറക്കൂട്ടങ്ങൾക്കു മുകളിലും ഇത്തരം ചിത്രങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് കരുതപ്പെടുന്നു . വരും വർഷങ്ങളിൽ ഇവ കണ്ടെത്തപ്പെടുക തന്നെചെയ്യും . ഈ പെട്രോഗ്‌ലൈഫുകളുടെ പഠനത്തിന് അടിയന്തിര പ്രാധാന്യത്തോടെ നടപടികൾ ഉണ്ടാവേണ്ടതാണ് .