കൊങ്കൺ – മലബാർ തീരങ്ങളിലെ അറബ്‌ അഭയാർത്ഥികൾ

അബ്ദുള്ള ബിൻ ഹുസൈൻ പട്ടാമ്പി

കൊങ്കൺ – മലബാർ തീരങ്ങളിലും ( കൊങ്കൺ തീരത്ത്‌ പ്രധാനമായും മംഗലാപുരം , ബട്കൽ , കുന്താപുര , ബർകൂർ , കാർവാർ , മുംബൈയും അതിന്റെ സമീപ തീരദേശങ്ങളും. മലബാറിൽ പ്രധാനമായും കോഴിക്കോട്‌ , കണ്ണൂർ , കാസർകോട്,‌ കൊങ്കണതീരം വരെ ) അധിവസിച്ച്‌ വരുന്ന മുസ്‌ലിംകളിൽ ഒരു വിഭാഗത്തെ ശരീരപ്രകൃതിയിലും സംസ്കാരത്തിലും ഭക്ഷണ രീതികളിലും ഒരു വിത്യാസം പലരും ശ്രദ്ധിച്ചിട്ടുണ്ടാവും. മലബാർ, കൊങ്കൺ തീരങ്ങളിലെ മറ്റു മുസ്‌ലിംകളുമായുളള ഇവരുടെ രൂപവിത്യാസം വളരെ പ്രകടമാണ്.

അതിന്റെ പ്രധാനകാരണം , അവരുടെ വേരുകൾ മധ്യപൗരസ്ത്യ ദേശമാണെന്നത്‌ തന്നെയാണ്. മുഖ്യമായും ഇറാഖ്‌ , സിറിയ , ഫിലസ്തീൻ നാടുകളിൽ നിന്ന് ഇന്ത്യയിലേക്ക്‌ അഭയാർത്ഥികളായി വന്നതായിരുന്നു അവരുടെ പൂർവ്വികർ.

AD 680കൾക്ക്‌ ശേഷമാണ് ഭാരതത്തിലേക്ക്‌‌ ഈ അറബ്‌ അഭയാർത്ഥി പ്രവാഹമുണ്ടായത്‌. ഉമയ്യദ്‌ ഭരണാധികാരിയായിരുന്ന യസീദിന്റെ കാലത്തുണ്ടായ രണ്ടാം ഫിത്‌ന ( AD 680 – AD 692ക്കിടയിൽ യസീദിന്റെ ദുർഭരണത്തിനെതിരെ സാമ്രാജ്യത്തിനകത്തുണ്ടായ വിപ്ലവം )യെ തുടർന്നാണ് അറബികളുടെ ആദ്യ ഭാരതകുടിയേറ്റം നടന്നത്‌. ഇതായിരുന്നു ഭാരതത്തിലേക്കുളള ഏറ്റവും വലിയ അറബ്‌ കുടിയേറ്റം. ഭാരതത്തിലേക്കും ശ്രീലങ്കൻ തീരങ്ങളിലേക്കും , ഇന്നത്തെ പാക്കിസ്ഥാന്റെ ചില ഭാഗങ്ങളിലേക്കും അന്ന് കുടിയേറ്റം നടന്നിരുന്നു.

ഉമയ്യദ്‌ ഭരണകൂടത്തിനെതിരെ ഇമാം ഹുസൈനും അത്‌ പോലെ ഇബ്ൻ സുബൈറും നടത്തിയ വിപ്ലവം പരാചയപ്പെട്ടതിനെ തുടർന്ന് ഉമയ്യദുകൾ നടത്തിയ പ്രതികാര നടപടിയെ തുടർന്നാണ് അറബികൾ മധ്യപൗരസ്ത്യദേശത്തുനിന്നും പാലായനം ചെയ്യാനാരംഭിച്ചത്‌.

പിന്നീട്‌ ഉമയ്യദ്‌ ഭരണം അവസാനിക്കുകയും അബ്ബാസിദുകൾ ഭരണത്തിലേറുകയും ചെയ്തതോടെ പല അറബ്‌ ഗോത്രങ്ങളും തിരികെ തങ്ങളുടെ ജന്മദേശങ്ങളിലേക്ക്‌ പോയെങ്കിലും ചെറിയൊരു ശതമാനം ഇന്ത്യയിൽ തന്നെ തുടരുകയായിരുന്നു.

( പിന്നീട്‌ കാലങ്ങൾക്കു ശേഷം യമനിൽ നിന്നും കച്ചവടത്തിനു വന്ന അറബ്‌ ഗോത്രങ്ങളിൽ ചിലത്‌ മലബാർ , കൊങ്കൺ , കച്ഛ്‌ , മഅബർ അഥവാ കോറമാണ്ഡൽ തീരങ്ങളിൽ കുടിയേറി താമസിച്ചിട്ടുണ്ട്‌. സയ്യിദ്‌ ഗോത്രങ്ങളും ബറാമി പോലുളള വ്യാപാരി ഗോത്രങ്ങളും ഉദാഹരണം. മതപ്രചാരണത്തിനു വന്ന ചെറിയൊരു വിഭാഗവും സയ്യിദ്‌ ഗോത്രങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. മലബാറിൽ കാണുന്ന ഭൂരിപക്ഷം അറബ്‌ ഗോത്രങ്ങളും യമനിൽ നിന്ന് കുടിയേറിയതാണ് ).

ഇന്ത്യയിൽ സ്ഥിരവാസമാക്കിയ അറബ്‌ അഭയാർത്ഥികൾ സ്വന്തം ഭാഷയടക്കം ഉപേക്ഷിച്ച്‌ ഈ മണ്ണിൽ ഇഴുകിച്ചേർന്നെങ്കിലും അവരുടെ പാരമ്പര്യസംസ്കാരങ്ങളിൽ ചിലതും തനത്‌ ഭക്ഷണരീതികളിൽ പലതും നിലനിർത്താൻ ശ്രമിച്ചതായി കാണാം. തദ്ധേശീയ മുസ്‌ലിംകളുമായുളള വൈവാഹിക ബന്ധങ്ങളിലൂടെ ഇവരുടെ രൂപഘടനയിൽ ചിലമാറ്റങ്ങൾ ( മലബാറിലെ ചിലഭാഗങ്ങളിൽ ) വരുത്തിയെങ്കിലും കൊങ്കൺ തീരത്ത്‌ – പ്രധാനമായും ബട്കൽ തുടങ്ങിയ ഇടങ്ങളിൽ – ഇന്നും അവരുടെ രൂപഘടനയിൽ വ്യത്യാസം ദർശിക്കാനാവും.