കൈക്കൂലി വാങ്ങാന്‍ ശ്രമം ; ടിടിഇമാരെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: കൈക്കൂലിവാങ്ങാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് രണ്ട് ടിടിഇമാരെ ദക്ഷിണ റെയില്‍വേ സസ്‌പെന്റ് ചെയ്തു. ഗുവാഹത്തിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന 12516 എക്‌സ്പ്രസ്സില്‍ വ്യാജ ടിക്കറ്റ് ചെക്കിങ് നടത്തി പണം കൈക്കലാക്കാന്‍ ശ്രമിച്ചതിനാണ് നടപടി. ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷനിലെ ടിക്കറ്റ് പരിശോധകരായ കൃഷ്ണകുമാര്‍, രേഖാ ലാല്‍ എന്നിവരെയാണ്‌ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.

പ്രാഥമിക അന്വഷണത്തില്‍ പാന്‍ട്രി കാര്‍ മാനേജറുടെയും മറ്റ് ടിക്കറ്റ് പരിശോധകരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ട്രെയിന്‍ പാലക്കാട് എത്തിയത് മുതലാണ് സംഭവം. ലീവില്‍ ആയിരുന്ന ഇവര്‍ പാലക്കാട് ഡിവിഷനിലെ അസിസ്റ്റന്റ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ സുനിലിനൊപ്പം അനധികൃതമായി പാന്‍ട്രി മാനേജരെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി മാനേജര്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

രാത്രി ഒമ്പത് മണിക്ക് ശേഷം പാന്‍ട്രി പരിശോധിക്കാന്‍ പാടില്ല എന്ന് പറഞ്ഞപ്പോള്‍ കൃഷ്ണകുമാര്‍ പാന്‍ട്രി തൊഴിലാളികളെ ആക്രമിച്ചതായും പരാതിയില്‍ പറയുന്നു. നാഗര്‍കോവില്‍ കോടതിയില്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൃഷ്ണകുമാര്‍. RPF ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇയാളെ ഈയിടെ സ്‌ക്വാഡില്‍ നിന്നും മാറ്റിയിരുന്നു.