കേരള ഓട്ടോമൊബീല്‍സ് വൈദ്യുത വാഹന നിര്‍മാണത്തിലേക്ക്: ജൂലൈ പത്തിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള ഓട്ടോമൊബീല്‍സ് ലിമിറ്റഡിന്റെ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ നിര്‍മാണം ജൂലൈ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആധുനീകരിച്ച മെഷീന്‍ ഷോപ്പിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ഒന്‍പതു മാസത്തിനകം ഇലക്ട്രിക് ബസുകളുടെ നിര്‍മാണ രംഗത്തേക്കും കേരള ഓട്ടോമൊബീല്‍സ് കടക്കും.

ഓട്ടോറിക്ഷകളുടെ നിര്‍മാണരംഗത്ത് ഒരുകാലത്ത് കുത്തക നിലനിറുത്തിയിരുന്ന പൊതുമേഖലാ സ്ഥാപനമാണ് കേരള ഓട്ടോമൊബീല്‍സ്. പുതിയ കാലത്തിനനുസരിച്ചുള്ള നവീകരണത്തിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിലേക്ക് കടക്കുന്നത്. അന്തരീക്ഷ മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുകയാണ് ലക്ഷ്യമിടുന്നത്. കേരളവും ഇതിനൊത്ത് സഞ്ചരിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് ഓട്ടോറിക്ഷകളും ബസുകളും ഇവിടെത്തന്നെ നിര്‍മിക്കാന്‍ തീരുമാനിച്ചത്.

ആദ്യഘട്ടമായി പ്രതിവര്‍ഷം 8000 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. പിന്നീട് ആവശ്യത്തിനനുസരിച്ച് ഉത്പാദനം വര്‍ധിപ്പിക്കും. വൈകാതെ വിപണിയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ചുതുടങ്ങും. കിലോമീറ്ററിന് 50 പൈസ മാത്രമായിരിക്കും ഇലക്ട്രിക് ഓട്ടോയുടെ പ്രവര്‍ത്തനച്ചെലവ്. അറ്റകുറ്റപ്പണികളും താരതമ്യേന കുറവായിരിക്കും.

സ്വിറ്റ്സര്‍ലന്‍ഡിലെ എച്ച്ഇഎസ്എസ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് കെഎസ്ആര്‍ടിസിയുടെ സഹകരണത്തോടെ ഇലക്ട്രിക് ബസുകള്‍ നിര്‍മിക്കുന്നത്. ഒന്‍പതു മാസത്തിനകം ബസിന്റെ നിര്‍മാണം തുടങ്ങും. കെഎസ്ആര്‍ടിസിക്ക് ആവശ്യമായ ബസുകളാണ് ആദ്യം നിര്‍മിക്കുക.

ഐഎസ്ആര്‍ഒയുടെ വിവിധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കെഎഎല്ലിന്റെ മെഷീന്‍ ഷോപ്പ് ഏഴു കോടി രൂപ ചെലവിട്ടാണ് ആധുനീകരിച്ചത്. ഇതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. കെഎഎല്ലിന് പ്രതിമാസം 40 ലക്ഷം രൂപ വരുമാനം നല്‍കുന്ന പദ്ധതിയാണിത്.