കേരളാ കോൺഗ്രസ് തർക്കം നിയമസഭയിലേക്ക്

കേരളാ കോൺഗ്രസ്സിലെ നേതൃത്വ തർക്കം നിയമസഭയിലെത്തി. നിലവിൽ പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡറായ പി. ജെ. ജോസഫിനെ ലീഡറാക്കണമെന്നാവശ്യപ്പെട്ട് മോൻസ് ജോസഫും പാർട്ടിയുടെ  ഭരണഘടനയനുസരിച്ച് അങ്ങിനെ ചെയ്യാനാവില്ലെന്ന് കാണിച്ച് പാർട്ടി വിപ്പായ റോഷി അഗസ്റ്റിനും സ്‌പീക്കർ പി. ശ്രീരാമകൃഷ്ണന് കത്ത് നൽകി. 

പാർലമെന്ററി പാർട്ടി ലീഡർ ആയിരുന്ന കെ.എം. മാണി അന്തരിച്ച സാഹചര്യത്തിൽ ജോസഫിനെ ലീഡർ ആക്കണമെന്നാണ് മോൻസ് ജോസഫ് ആവശ്യപ്പെട്ടിട്ടുള്ളത്. തൊട്ടുപിന്നാലെ സ്‌പീക്കർക്കയച്ച കത്തിൽ കേരളാ കോൺഗ്രസ് (എം) ഭരണഘടന വകുപ്പ് 22 അനുസരിച്ച് പാർട്ടി ചെയർമാന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗമാണ് പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കേണ്ടത് എന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.  

മാണി പാർട്ടി അധ്യക്ഷൻ കൂടെയായിരുന്നതിനാൽ പുതിയ പാർട്ടി ചെയർമാനെ തെരഞ്ഞെടുത്തതിന് ശേഷമേ  പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാനാവൂ എന്ന വാദമാണ് റോഷി അഗസ്റ്റിൻ ഉന്നയിച്ചിട്ടുള്ളത്. കെ.എം. മാണിയുടെ മകനും പാർട്ടി വൈസ് ചെയർമാനുമായ ജോസ് കെ. മാണിയുടെ വിശ്വസ്തനാണ് റോഷി അഗസ്റ്റിൻ. 

മാണിയുടെ മരണത്തെ തുടർന്ന് വർക്കിംഗ് ചെയർമാനായ ജോസഫിന് ചെയർമാന്റെ താൽക്കാലിക ചുമതല നൽകിയതോടെയാണ്‌ കാര്യങ്ങൾ ജോസ് കെ. മാണി വിഭാഗത്തിന്റെ നിയന്ത്രണത്തിൽ നിന്ന് പോയത്. എങ്ങിനെയും സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി ഒരു മത്സരത്തിന് കളമൊരുക്കാനാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ ഇപ്പോഴത്തെ ശ്രമം.