കേരളാ കൂട്ടക്കൊല

ജൂലിയസ് മാനുവൽ

“കേരളാ കൂട്ടക്കൊല” എന്ന് മലയാളത്തിൽ നിങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുക ആലുവായിലെയും മറ്റും വാർത്തകളാവും . എന്നാൽ Kerala Massacre എന്നൊന്ന് തിരഞ്ഞുനോക്കൂ. അധികമാർക്കും അറിവില്ലാത്ത മറ്റൊരു സംഭവം നമ്മുടെ മുൻപിലെത്തും. പക്ഷെ ഈ വാർത്തയിലെ Kerala നമ്മുടെ കേരളമല്ല .

അങ്ങ് ദൂരെ അഫ്ഘാൻ മലഞ്ചെരുവുകളിൽ പാക്കിസ്ഥാൻ അതിർത്തിയോടടുത്ത് ഒരു ചെറുഗ്രാമമാണ് സംഭവസ്ഥലം. അതെ , ആ ഗ്രാമത്തിന്റെ പേരും Kerala എന്നാണ് . പാകിസ്ഥാൻ അതിർത്തിയിൽ നിന്നും വെറും പന്ത്രണ്ട് മൈൽ അകത്തേക്ക് മാറി അഫ്‌ഗാനിലെ കുനാർ പ്രവിശ്യയിലാണ് ഈ രണ്ടാം Kerala സ്ഥിതിചെയ്യുന്നത് . 1979 ഏപ്രിൽ അവസാനത്തോടെ ഈ ഗ്രാമത്തിൽനിന്നും രക്ഷപെട്ട കുറേപ്പേർ അതിർത്തികടന്ന് പാക്കിസ്ഥാനിൽ എത്തിയതോടുകൂടെയാണ് വലിയൊരു കൂട്ടക്കൊലയുടെ കഥ പുറംലോകമറിയുന്നത് .

അയ്യായിരത്തോളം ആളുകൾ പാർത്തിരുന്ന ഒരു കാർഷികഗ്രാമമായിരുന്നു ഈ അഫ്ഘാൻ കെരാലാ (Kerala). അഫ്‌ഗാനിലെ സോവിയറ്റ് അനുകൂല സർക്കാരും വിമതരും തമ്മിൽ പൊരിഞ്ഞപോരാട്ടം നടക്കുന്ന സമയം. അതേ വർഷം ഏപ്രിൽ പത്തൊൻപത്തിന് തൊട്ടടുത്ത പട്ടണത്തിലെ പട്ടാളക്യാമ്പ് വിമതർ ആക്രമിച്ച് കാര്യമായ നാശനഷ്ടമുണ്ടാക്കിയിരുന്നു . അതിന് പ്രതികാരമെന്നോണം പിറ്റേദിവസം ഏപ്രിൽ ഇരുപതിന്‌ വെള്ളിയാഴ്ച്ച വിമതരെ തിരഞ്ഞ പട്ടാളം വന്നെത്തിയത് ഈ ചെറുഗ്രാമത്തിലായിരുന്നു.

ടാങ്കുകളുടെ അകമ്പടിയോടെ ഇരുന്നൂറോളം പട്ടാളക്കാരും , ഏതാനും സോവിയറ്റ് ഉപദേശകരും അടങ്ങിയ സംഘം ഉച്ചയോടെ അവിടെയെത്തി . ഇവർക്ക് അകമ്പടിയായി ഏതാനും ഹെലികോപ്റ്ററുകളും മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു . ആണുങ്ങളെല്ലാം വിളിച്ചിറക്കി ഒരിടത്തത് ഒരുമിച്ച് നിർത്തി. പേടിച്ചരണ്ട സ്ത്രീകളും കുട്ടികളും നിലവിളിച്ചുകൊണ്ട് തൊട്ടടുത്ത മസ്ജിദിലേക്ക് ഓടിക്കയറി . ആണുങ്ങളോട് തലേദിവസത്തെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സൈന്യം ആവശ്യപ്പെട്ടു .

പ്രായശ്ചിത്തമെന്നോണം സർക്കാർ അനുകൂല മുദ്രാവാക്യങ്ങൾ ചൊല്ലാനാണ് അവരോടാവശ്യപ്പെട്ടത് . എന്നാൽ മറുപടിയായി “അല്ലാഹ് അക്ബർ ” എന്ന വിളിയാണ് ആ മലയിടുക്കിൽ മുഴങ്ങിയത് . സംസാരം നിർത്തിയ ഉദ്യോഗസ്ഥർ ആണുങ്ങളോട് ടാങ്കുകൾക്ക് അഭിമുഖമായി മുട്ടുകുത്തി നിൽക്കുവാൻ ആവശ്യപ്പെട്ടു. ഇവരെ എന്തുചെയ്യണം എന്ന കാര്യത്തിൽ അവർക്ക് സംശയമുണ്ടായിരുന്നു . പക്ഷെ മുകളിലെ ഹെലിക്കോപ്റ്ററിൽ നിന്നും ഉടനടി ഓർഡർ എത്തി .

പിന്നീട് നടന്നത് ഒരു ഭീകര കൂട്ടക്കൊലയായിരുന്നു . കൂട്ടംകൂടിനിന്നവർ ഈയാംപാറ്റകളെപ്പോലെ വെടിയേറ്റ് വീണു. 1,170 തോളം (1,260 – Afghan Report ) ആളുകളാണ് അന്നവിടെ മൃഗീയമായി കൊലചെയ്യപ്പെട്ടത് . തൊട്ടടുത്ത് തന്നെ തയ്യാറാക്കിയ കൂറ്റൻ കുഴിയിൽ മൃതദേഹങ്ങളെല്ലാം കൂട്ടിയിട്ട് ബുൾഡോസറുകൾ അപ്പോൾ തന്നെ അതെല്ലാം മൂടി. സ്ത്രീകളും കുട്ടികളും നിലവിളിച്ചുകൊണ്ട് പല സ്ഥലങ്ങളിലേക്ക് ചിതറിയോടി.

എത്രകുട്ടികളെ അന്നവിടെ നഷ്ടമായി എന്നതിന് കണക്കില്ല . ആരൊക്കെയോ അതിർത്തി കടന്ന് പാക്കിസ്ഥാനിലെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത് .

ഇതിന്റെ ബാക്കി കഥ നടന്നത് അങ്ങ് യൂറോപ്പിൽ ആയിരുന്നു . 2015 ഒക്ടോബറിൽ കൂട്ടക്കൊലയുടെ മുഖ്യകാർമ്മികനായിരുന്ന സാദിഖ് ആലാംയർ (Sadeq Alamyar , 64), ഹോളണ്ടിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു . അഫ്ഘാൻ ആർമിയുടെ 444ആം കമാൻഡോ ഫോഴ്‌സിന്റെ കമാണ്ടർ ആയിരുന്നു അയാൾ . ഇതുൾപ്പടെ അനേകം യുദ്ധകുറ്റകൃത്യങ്ങൾ ചുമത്തിയാണ് അയാളെ ഡച്ച് പോലീസ് അറസ്റ്റ് ചെയ്തത് . പക്ഷെ 2017 ഡിസംബറിൽ മതിയായ തെളിവുകളുടെ അഭാവത്തിൽ (മിക്ക യുദ്ധകുറ്റകൃത്യങ്ങളുടെയും അവസ്ഥയിതാണ്) സാദെക്കിനെതിരായ കേസുകൾ പിൻവലിക്കപ്പെട്ടു.