കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത;ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മറ്റന്നാള്‍ ഗുജറാത്ത് തീരത്തേക്കടുക്കുമെന്ന്‌ കാലാവസ്ഥ വകുപ്പിന്റെ നിഗമനം.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരളതീരത്തില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കൂടാതെ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും, തിരമാലകള്‍ മൂന്നുമീറ്റര്‍ വരെ ഉയരത്തില്‍ വീശിയടിച്ചേക്കാമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അതിനാല്‍ മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് വെരാവല്‍, പോര്‍ബന്തര്‍ വഴി 13 ന് ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തെത്തുമ്പോള്‍ 135 കിലോമീറ്ററായി ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.