കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ജൂലൈ 18 ന് ഇടുക്കി,  ജൂലൈ 19 ന് പത്തനംതിട്ട, കോട്ടയം,  ഇടുക്കി എന്നീ ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി,  ജൂലൈ  21ന് കണ്ണൂർ  എന്നി ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര ( മണിക്കൂറിൽ 204 mmൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയുണ്ട്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുക,  ക്യാമ്പുകൾ തയ്യാറാക്കുന്നതുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നിവയാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. 

ജൂലൈ 19 ന്  ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും ജൂലൈ 20 ന്  എറണാകുളം  ജില്ലയിലും  ജൂലൈ 21ന്  ഇടുക്കി, എറണാകുളം ജില്ലകളിലും  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയുണ്ട്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

മഞ്ഞ അലർട്ട് (yellow alert) പ്രഖ്യാപിച്ച ജില്ലകൾ 

ജൂലൈ 18 : തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,  തൃശ്ശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ  കാസർഗോഡ്. 

ജൂലൈ 19 : തിരുവന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ  കാസർഗോഡ്. 

ജൂലൈ 20 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ.
ജൂലൈ 21  : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,   കാസർഗോഡ്.
ജൂലൈ 22 : ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.