കേരളത്തില്‍ കടുത്ത പോരാട്ടം; എല്‍ഡിഎഫും യുഡിഎഫും 8 മുതല്‍ 12 സീറ്റുകള്‍ വരെ നേടും, ബിജെപി അക്കൗണ്ട് തുറക്കില്ല; കൈരളി ന്യൂസ്-സിഇഎസ് സര്‍വേ ഫലം

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് വിശദമാക്കി കൈരളി ടിവിയും സിഇഎസും(സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ്) ചേര്‍ന്ന് നടത്തിയ പോസ്റ്റ് പോള്‍ സര്‍വെ. ഇരുമുന്നണികള്‍ക്കും എട്ട് മുതല്‍ 12 വരെ സീറ്റുകള്‍ നേടാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വ്യക്തമാക്കുന്ന സര്‍വ്വെ ഒരു മണ്ഡലത്തില്‍ പോലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തെത്തില്ലെന്നും ചൂണ്ടികാട്ടുന്നു.

ആകെയുള്ള 20 സീറ്റുകളില്‍ 11 സീറ്റുകളില്‍ ഇടതുപക്ഷത്തിന് വിജയസാധ്യതയെന്നാണ് സര്‍വെ പറയുന്നത്‌. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ഇടതു പക്ഷം മികച്ച വിജയം നേടുമെന്നും സര്‍വെ പ്രവചിക്കുന്നു. തെക്കന്‍ കേരളത്തില്‍ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളാണ് ഇടതിനൊപ്പം നില്‍ക്കുക. തിരുവനന്തപുരവും മാവേലിക്കരയും യുഡിഎഫിനൊപ്പമായിരിക്കും. തൃകോണ പോരാട്ടം നടന്ന പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്താകുമെന്നും ഫലം വ്യക്തമാക്കുന്നു.

വാശിയേറിയ പോരാട്ടം നടന്ന തിരുവനന്തപുരത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ വമ്പന്‍ ജയം നേടുമെന്നാണ് കൈരളി-സിഇഎസ് സര്‍വെയുടെ പ്രവചനം. രണ്ടാം സ്ഥാനത്തേക്ക് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി ദിവാകരനെത്തുമെന്ന് വ്യക്തമാക്കുന്ന സര്‍വെ ബിജെപിക്കും കുമ്മനത്തിനും മൂന്നാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ശശി തരൂര്‍ 36.5 ശതമാനം വോട്ട് നേടുമെന്ന് പറയുന്ന സര്‍വെ സി ദിവാകരന്‍ 32.2 ശതമാനവും കുമ്മനം 29.7 ശതമാനവും വോട്ട് നേടുമെന്ന് ചൂണ്ടികാട്ടുന്നു.

പത്തനംതിട്ടയില്‍  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് നേരിയ വ്യത്യാസത്തിലുള്ള വിജയമാണ് കൈരളി ന്യൂസ്-സിഇഎസ് പോസ്റ്റ് പോള്‍ സര്‍വെ പ്രവചിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ അത്ഭുതം കാട്ടുമെന്ന് വിശ്വാസം പ്രകടിപ്പിച്ച മണ്ഡലത്തില്‍ യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി രണ്ടാം സ്ഥാനത്ത് എത്തുമ്പോള്‍ ബിജെപിക്ക് മൂന്നാം സ്ഥാനമാണ് സര്‍വെ നല്‍കുന്നത്. വീണാ ജോര്‍ജിന് 34.6 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ആന്‍റോ ആന്‍റണി 34.3 ശതമാനം വോട്ട് നേടും. ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് വ്യത്യാസം. കെ സുരേന്ദ്രന്‍ 29.2 ശതമാനം വോട്ട് നേടുമെന്നും സര്‍വെ പറയുന്നു.

ആലപ്പുഴയില്‍ ഇടതുസ്ഥാനാര്‍ത്ഥി ആരിഫിനാണ് വിജയം പ്രഖ്യാപിച്ചിരിക്കുന്നത്.  കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനെ അട്ടിമറിച്ച് കെ എന്‍ ബാലഗോപാല്‍  വിജയിക്കുമെന്നും സര്‍വേ പറയുന്നു. മധ്യ കേരളത്തില്‍ ആകെയുള്ള ആറ് സീറ്റുകളില്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് വിജയം ഉറപ്പുള്ളതെന്നും സര്‍വെ പറയുന്നു. തൃശൂരില്‍ രാജാജി മാത്യൂ തോമസ്  അട്ടിമറി വിജയം നേടുമ്പോള്‍ ആലത്തൂര്‍ പി കെ ബിജു നിലനിര്‍ത്തും. എന്നാല്‍ ചാലക്കുടി, എറണാകുളം, കോട്ടയം, ഇടുക്കി മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് സര്‍വെ മുന്‍തൂക്കം നല്‍കുന്നത്.

വടക്കന്‍ കേരളത്തില്‍ ഇടതു തരംഗമെന്നാണ് പ്രവചിക്കുന്നത്. ആകെയുള്ള ഏട്ട് സീറ്റുകളില്‍ അഞ്ച് സീറ്റുകളിലും ഇടതുപക്ഷം വിജയിക്കുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താനെ കെ പി സതീഷ് ചന്ദ്രന്‍ തറപറ്റിക്കുമെന്ന് പോസ്റ്റ് പോള്‍ സര്‍വേ പറയുന്നു.  41.7 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി  നേടുമ്പോള്‍ 40.1 ശതമാനം വോട്ടുകള്‍ യുഡിഎഫ് സ്വന്തമാക്കുമെന്നുമാണ് സര്‍വേ ഫലം. അതേസമയം ബിജെപി 16.4 ശതമാനം വോട്ടുകള്‍ നേടുമെന്നും
സര്‍വെ പറയുന്നു.

കണ്ണൂരില്‍ പി കെ ശ്രീമതിയും കോഴിക്കോട് പ്രദീപ് കുമാറും നേരിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും സര്‍വേ. കേരളം ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന വടകരയില്‍ പി ജയരാജന്‍ വിജയിക്കും. എം ബി രാജേഷ് ഹാട്രിക് വിജയം നേടി പാലക്കാട്  മണ്ഡലം നിലനിര്‍ത്തുമെന്നും സര്‍വേ പറയുന്നു. അതേസമയം രാഹുല്‍ ഗാന്ധി വയനാടില്‍ വമ്പന്‍ ജയം നേടുമെന്നും   സര്‍വേ വ്യക്തമാക്കുന്നു. ലീഗ് കോട്ടകളായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും മികച്ച വിജയം നേടുമെന്നും സര്‍വേ പറയുന്നു.