കേരളത്തിലെ സ്ത്രീകൾക്ക് ഉയരം കൂടുന്നു

കേരളത്തിലെ സ്ത്രീകൾക്ക് ഉയരം കൂടുന്നു ‘പൊക്കമില്ലാത്തതാണെന്റെ പൊക്കം’ എന്ന് എഴുതിയത് മലയാളത്തിന്റെ പ്രിയ ‘കുഞ്ഞു’കവി കുഞ്ഞുണ്ണി മാഷാണ്. പക്ഷെ, പുതിയ വാർത്ത കേട്ടാൽ മാഷും ഒന്ന് തലകുലുക്കിയേനെ. കേരളീയർ ഇന്ത്യയിൽ ഏറ്റവും ഉയരമുള്ള ജനതയാണെന്നതാണ് ആ വാർത്ത. അതിൽ തന്നെയുമുണ്ടൊരു വിശേഷം; മലയാളി സ്ത്രീകൾക്ക് ഉയരം കൂടുകയാണ്! ഇതേതോ തട്ടിപ്പ് പഠനത്തിൽ പറയുന്നതാണെന്ന് കരുതിയാൽ അതും തെറ്റി.
കേന്ദ്ര ആരോഗ്യ-കുടുംബസക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓരോ ദശകത്തിലും നടക്കാറുള്ള നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ (എന്‍എഫ്എച്ച്എസ്) ഫലങ്ങളാണ് ഈ പറഞ്ഞതെല്ലാം. 2005-06 കാലയളവിൽ നടത്തിയ സര്‍വേ മൂന്നിലെയും 2015-16 കാലയളവിൽ നടത്തിയ സർവേ നാലിലെയും കണ്ടെത്തലുകൾ വിശകലനം ചെയ്തപ്പോഴാണ് മലയാളിയുടെ ഉയരം വെളിവായത്. 

ലോക ജനതയിലെ ഉയരം കുറഞ്ഞവരാണ് ഇന്ത്യക്കാര്‍ എന്നാണ് വയ്പ്. ഒരു നൂറ്റാണ്ടു മുമ്പുള്ളവരേക്കാള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ജനതയ്ക്ക് ഉയരമുണ്ടെങ്കിലും ആഗോള ട്രെന്‍ഡിനു വിരുദ്ധമായി ഇന്ത്യക്കാരുടെ ഉയരം വീണ്ടും കുറഞ്ഞു വരികയാണെന്ന് പഠനങ്ങള്‍ പറയുന്നു. അങ്ങിനെ ഉയരം കുറയുന്ന ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള പുരുഷന്മാരുടെയും വനിതകളുടെയും കൂട്ടത്തില്‍ മൂന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളം. ജമ്മു കശ്മീർ, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. സ്ത്രീകളുടെ കാര്യത്തിലാകട്ടെ കേരളത്തിനൊപ്പമുള്ളത് പഞ്ചാബും, ജമ്മു കശ്മീരും, ഹരിയാനയുമാണ്.

കഴിഞ്ഞ ഏതാനും ദശകങ്ങളായി  വനിതകളുടെ ഉയരത്തില്‍ ഏറ്റവുമധികം വര്‍ധന രേഖപ്പെടുത്തിയത് കേരളത്തിലാണ്. തൊണ്ണൂറുകളിലും രണ്ടായിരാമാണ്ടിലും പുരുഷന്മാരുടെ ഉയരത്തിൽ കാര്യമായ വര്‍ധന വന്നത് കേരളത്തിലായിരുന്നെങ്കിലും ഇപ്പോൾ ആ സ്ഥാനം ഹിമാചല്‍ പ്രദേശിനാണ്. എൻഎഫ്എച്ച്എസ് നാലില്‍ ശരാശരി ഇന്ത്യന്‍ പുരുഷന്റെ ഉയരം ഒരു സെന്റിമീറ്റര്‍ കുറഞ്ഞുവെന്ന് കണ്ടെത്തിയപ്പോള്‍, വനിതകളുടെ ഉയരത്തില്‍ കാര്യമായ വ്യത്യാസം പ്രകടമായില്ല. പുരുഷന്മാരുടെ ഉയരം ഏറ്റവും കുറഞ്ഞത് കര്‍ണാടകയിലാണ്. ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ തൊട്ടു പിന്നില്‍. ഇതിനു മുമ്പുള്ള ദശകത്തില്‍ (1995-96 മുതൽ 2005-06) പുരുഷന്മാരുടെ ഉയരം ശരാശരി 0.5 സെന്റിമീറ്റര്‍ കൂടുകയായിരുന്നു. അപ്പോഴും ആറു സംസ്ഥാനങ്ങളില്‍ ആ കാലയളവിൽ ശരാശരി ഉയരം കുറയുകയായിരുന്നുവെന്ന് എൻഎഫ്എച്ച്എസ് ഡേറ്റ വിശകലനത്തിൽ തെളിഞ്ഞിരുന്നു. 

ഇന്ത്യയില്‍ ഏറ്റവും ഉയരം കുറഞ്ഞ പുരുഷന്മാരുള്ളത് മേഘാലയ, സിക്കിം, അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ്. ലോകത്തിലെ ഏതു ജനവിഭാഗത്തിലെയും സമാന പ്രായത്തിലുള്ളവരുടെ ശരാശരി ഉയരത്തേക്കാള്‍ ഉയരം കുറഞ്ഞവരാണിവര്‍. ഇന്ത്യയില്‍ ഉയരം കുറഞ്ഞ വനിതകളുള്ളത് മേഘാലയ, ത്രിപുര, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലാണ്. ലോകത്തില്‍ ഏറ്റവും ഉയരം കുറവുള്ള ഗ്വാട്ടിമാല, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലെ വനിതകളേക്കാള്‍ ഇവര്‍ക്ക് ഉയരം കുറവാണ്.  നാല്‍പതിലധികം രാജ്യങ്ങളിലെ വനിതകളുടെ ശരാശരി ഉയരത്തേക്കാള്‍ ഇവര്‍ക്ക് ഉയരമുണ്ട്.


ജനിതക ഘടകങ്ങളും ഒരാളടെ ഉയരവും തമ്മില്‍ ചെറിയ ബന്ധമേ ഉള്ളൂവെന്നും അമ്മയുടെ ആരോഗ്യം, നവജാത ശിശുവായിരിക്കുമ്പോഴും, കുട്ടിയായിരിക്കുമ്പോഴും ലഭിക്കുന്ന പോഷകാഹാരം, പരിസ്ഥിതി, പരിസരശുചിത്വം തുടങ്ങി പല ഘടകങ്ങളും ഉയരത്തെ സ്വാധിനീക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. ഇന്ത്യയില്‍ മുന്നോക്ക വിഭാഗങ്ങളില്‍ പെട്ട പുരുഷന്മാര്‍ക്ക് നല്ല ഉയരമുള്ളപ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവരുടെ ഉയരം കുറവാണെന്നു കാണാം. പശ്ചാത്യ രാജ്യങ്ങളില്‍ ജനങ്ങളുടെ ഉയരം വയ്ക്കുന്ന പ്രവണത അവസാനിച്ചതായി ആദ്യം കണ്ടെത്തിയത് അമേരിക്കയിലാണ്. വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും പിന്നാലെ വന്നു. ഏഷ്യയില്‍ ജപ്പാനിലാണ് ഈ പ്രവണത ആദ്യം ശ്രദ്ധയില്‍പെട്ടത്. 1960നു ശേഷം അവിടെ ജനിച്ചവരിലാണ് ഇത് കാണപ്പെട്ടത്. ദക്ഷിണ കൊറിയയില്‍ 1980കളില്‍ ജനിച്ച പുരുഷന്മാരിലും ഇപ്പോള്‍ ജനിക്കുന്ന പെൺകുഞ്ഞുങ്ങളിലും ഉയരം വയ്ക്കുന്നതിലുള്ള മുരടിപ്പ് ദൃശ്യമാണ്. ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ഉയരം വയ്ക്കുന്ന പ്രവണത ഏതാണ്ട് അവസാനിച്ചപ്പോഴും ഇന്ത്യക്കാര്‍ അവരേക്കാള്‍ ശരാരശരി 5-10 സെന്റിമീറ്റര്‍ താഴെയാണ്. ഇന്ത്യന്‍ പുരുഷന്മാര്‍ ഉയരം വയ്ക്കുന്നതില്‍ കുറവു രേഖപ്പെടുത്തി തുടങ്ങിയത് എണ്‍പതുകളുടെ മധ്യം മുതല്‍ക്കാണ്. എന്നാല്‍, ഈ സമയത്തും വനിതകളുടെ ഉയരം സാവധാനം കൂടിക്കൊണ്ടിരുന്നു.

1896 ല്‍ ജനിച്ച ഇന്ത്യന്‍ പുരുഷന്മാര്‍ സമാന കാലഘട്ടത്തിലെ ശരാശരി ചൈനാക്കാരേക്കാള്‍ ഒരു സെന്റീമീറ്ററും, ദക്ഷിണ കൊറിയക്കാരേക്കാള്‍ രണ്ടു സെന്റിമീറ്ററും ഉയരം കൂടുതല്‍ ഉള്ളവരായിരുന്നു. 1947ല്‍ ജനിച്ച ചൈനീസ്, ദക്ഷിണ കൊറിയന്‍ ആണ്‍കുട്ടികള്‍ സമാന കാലഘട്ടത്തിലെ ഇന്ത്യന്‍ ആണ്‍കുട്ടികളേക്കാള്‍ 4 സെന്റിമീര്‍ കൂടുതല്‍ ഉയരമുള്ളവരായിരുന്നു. 1996 ആയപ്പോഴേക്കും ചൈനാക്കാർ 7 സെന്റിമീറ്ററും, ദക്ഷിണ കൊറിയക്കാര്‍ 10 സെന്റിമീറ്ററും ശരാശരി ഇന്ത്യന്‍ പുരുഷന്മാരേക്കാള്‍ ഉയരത്തിലെത്തി.
ഒരു നൂറ്റാണ്ട് മുമ്പുള്ളവരേക്കാള്‍ ഇന്ത്യക്കാര്‍ ഉയരമുള്ളവരാണ് എന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ, പ്രതീക്ഷിച്ചതിലും നേരത്തെ ഇന്ത്യക്കാരുടെ ഉയരം വയ്ക്കല്‍ അവസാനിച്ചു എന്ന് പഠനം പറയുന്നു.