കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുടെ മാര്‍ക്സിസ്റ്റ്‌ വിരോധത്തിന് പിന്നില്‍ ഭൗതിക താല്പര്യങ്ങള്‍: സെബാസ്റ്റ്യന്‍ പോള്‍

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുടെ മാര്‍ക്സിസ്റ്റ്‌ വിരോധത്തിനു പിന്നില്‍ ഭൗതിക താല്പര്യങ്ങളാണെന്ന്‌ മുന്‍ എംപിയും മാധ്യമ നിരീക്ഷകനുമായ
സെബാസ്റ്റ്യന്‍ പോള്‍ 24 കേരളയോട് പറഞ്ഞു.

ചിന്ത പബ്ലിക്കേഷന്‍സ് പുതിയതായി പുറത്തിറക്കിയ ‘മാര്‍ക്സും മാര്‍പാപ്പയും’ എന്ന സെബാസ്റ്റ്യന്‍ പോളിന്റെ പുസ്തകത്തിലെ നിരീക്ഷണങ്ങളെക്കുറിച്ചുള്ള  ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം ഇങ്ങിനെ മറുപടി നല്‍കിയത്. ആഗോള തലത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കൊണ്ടുവന്ന വീക്ഷണം കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടില്ല-സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുടേത്‌ ഇരട്ടത്താപ്പാണ്. ആദ്യം കേരളത്തില്‍ ക്രിസ്ത്യന്‍ സഭകള്‍ക്ക് കോണ്‍ഗ്രസിനോട് അടുപ്പമുണ്ടായിരുന്നില്ല. പക്ഷെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസുമായി അടുപ്പമായി. പക്ഷെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സഭയുടെ ശത്രു സ്ഥാനത്താണ്.

കമ്യൂണിസ്റ്റുകാര്‍ ദൈവ നിഷേധികളാണ് എന്നൊരു
വീക്ഷണകോണിലാണ് കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ നീങ്ങിയത്. ഇത് തന്നെയാണ് അവര്‍ പള്ളികളില്‍ പഠിപ്പിച്ചിരുന്നതും. സഭയുടെ ഈ നിലപാടുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയമുണ്ട്. ഭൗതിക താല്പര്യങ്ങളുണ്ട്.

കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാലും ഇല്ലെങ്കിലും സഭയുടെ ആത്മീയ താല്പര്യങ്ങള്‍ക്ക് ഒരു തടസവുമില്ല. ബിജെപി വന്നാല്‍ മാത്രമേ ഒരു ഭീഷണി ഉണ്ടാവുകയുള്ളൂ. പക്ഷെ കമ്യൂണിസ്റ്റുകളെ ശത്രുക്കളായി സഭ കാണുന്നത് സഭകളുടെ ഭൗതിക താല്പര്യം മുന്‍നിര്‍ത്തിയാണ്. ഭൗതിക താല്പര്യങ്ങള്‍ കൂടുതലുള്ള സഭകളാണ് കേരളത്തിലുള്ളത്. ഇത് വളരെ പ്രകടമാണ്.

കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ നിലകൊള്ളുന്നത് തന്നെ ഭൗതിക താല്പര്യങ്ങളെ ആധാരമാക്കിയാണ്. അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടികളുമായി സഭ എറ്റുമുട്ടാറില്ല. സിപിഎം കേരളത്തില്‍ അധികാരത്തില്‍ വരുമ്പോഴും സഭകളുടെ ഈ മനോഭാവം പ്രകടമാണ്.  പക്ഷെ ആഗോള തലത്തില്‍ മാര്‍പാപ്പയും മാര്‍ക്സിസവും യോജിച്ചുപോകാനുള്ള സാധ്യതകള്‍ പരിമിതമാണ്.

മാര്‍ക്സിസം ഒരു ഫിലോസഫിയാണ്. ക്രിസ്ത്യാനിറ്റിയും ഒരു ഫിലോസഫിയാണ്. ഫിലോസഫിയുടെ കാര്യത്തില്‍ രണ്ടും തമ്മില്‍ യോജിപ്പ് ഉണ്ടാകണം. മാര്‍ക്സിസത്തെ അടിസ്ഥാനമാക്കിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കുന്നത്. ക്രിസ്ത്യാനിറ്റി അടിസ്ഥാനമാക്കിയാണ് പള്ളിയും വരുന്നത്.

സംഘടനാപരമായ അകല്‍ച്ച അവിടെ നിലനില്‍ക്കുന്നു. പക്ഷെ ഈ അകല്‍ച്ച താല്പര്യങ്ങളില്‍ അധിഷ്ഠിതമായ അകല്‍ച്ചയാണ്. ഈ അകല്‍ച്ചയാണ് അവസാനം വരെ നിലനില്‍ക്കും എന്ന് പറയുന്നത്. മാര്‍പാപ്പയും മാര്‍ക്സിസവും നീങ്ങുന്നത് രണ്ടു വഴിയിലേക്കാണെങ്കിലും സഞ്ചരിക്കുന്നത് ഒരേ ദിശയിലേക്കാണ്.

ആത്യന്തികമായി വിശ്വാസികളും വിപ്ലവകാരികളും ഒരു ബിന്ദുവില്‍ കൂട്ടിമുട്ടുന്നു. ഇപ്പോള്‍ ഫ്രാന്‍സിസ് പാപ്പയുടെ കാലത്ത് മാര്‍ക്സിസവും കമ്മ്യൂണിസവും യോജിച്ച് നീങ്ങുന്ന കാഴ്ച ദൃശ്യമാണ്. ലിയോ മുപ്പതാമന്‍ എന്ന മാര്‍പാപ്പ ഉണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമായിരുന്നു ഈ പാപ്പയുടെ കാലം. തൊഴിലാളികളുടെ മാഗ്നാ കാര്‍ട്ടാ എന്നാണ് അദ്ദേഹം എഴുതിയ  ലേഖനത്തെ വിശേഷിപ്പിക്കുന്നത്. തോഴിലാളികള്‍ നേരിടുന്ന ചൂഷണത്തെക്കുറിച്ച് പറയുമ്പോഴും പാപ്പ കടുത്ത കമ്യൂണിസ്റ്റ് വിരോധിയാണ്‌. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ആശയങ്ങളും
സമാനമായിരുന്നു. പക്ഷെ അദ്ദേഹവും കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു.

മാര്‍ക്സിസ്റ്റ്‌ ഫിലോസഫി അംഗീകരിക്കേണ്ടി വരുമ്പോഴും നാസ്തികത്വം ഒരു പ്രശ്നമായി മുന്നില്‍ വരുന്നു. ദൈവം ഉണ്ട് എന്ന് അംഗീകരിച്ചാല്‍ പിന്നെ കമ്യൂണിസമില്ല. ദൈവം ഇല്ല എന്ന് അംഗീകരിച്ചാല്‍ പിന്നെ സഭയുമില്ല. സഭയ്ക്കും മാര്‍ക്സിസത്തിനും ഇടയില്‍ കൂട്ടി യോജിക്കാന്‍ കഴിയാത്ത ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഇത് മറികടന്നുകൊണ്ട്‌ ഒരു പുതിയ മാനം കൊടുത്തത് ഇപ്പോഴത്തെ പാപ്പയാണ്.

ദൈവമുണ്ടോ എന്ന പ്രശ്നം അവിടെ നില്‍ക്കട്ടെ. ഈ ഭൂമിയില്‍ നമുക്ക് യോജിക്കാന്‍ കഴിയുന്ന മേഖലകളില്‍ യോജിച്ച് പോകാം. അത് പറഞ്ഞപ്പോള്‍ കമ്യൂണിസ്റ്റ് പോപ്പ് എന്ന് പറഞ്ഞു. അപ്പോള്‍ പാപ്പ പറഞ്ഞു. ഞാന്‍ മാര്‍കിസിസ്റ്റ് അല്ല. പക്ഷെ മാര്‍ക്സിസ്റ്റ്‌ എന്ന് എന്നെ വിശേഷിപ്പിച്ചാല്‍ എനിക്ക് വിരോധമില്ല. അത് പുതിയ ഒരു വീക്ഷണമാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ തള്ളിക്കളയുന്നില്ല. ഈ ഭൂമിയില്‍ മനുഷ്യന് വേണ്ടി സഹകരിച്ച് പ്രവര്‍ത്തിക്കാം. ഇതാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത്. ഹ്യൂമനിസമാണ് ഈ പോപ്പിന്റെ പ്രത്യയശാസ്ത്രം.

പാപ്പ ആരെയും കുറ്റപ്പെടുത്തുന്നില്ല, ആരെയും തള്ളിക്കളയുന്നില്ല. ആരെയും ശിക്ഷിക്കുന്നുമില്ല. എല്ലാ തെറ്റുകളും അദ്ദേഹം പൊറുക്കുകയാണ്. വിധിക്കാന്‍ ഞാനാര് എന്ന പ്രസക്തമായ ചോദ്യമാണ് അദ്ദേഹം ചോദിച്ചത്. കന്യാമറിയത്തെ വെറുതെ വിട്ടുകൊണ്ട് ക്രിസ്തു പറഞ്ഞ വാചകമാണത്. ഇത് പറഞ്ഞാണ് വേശ്യയെ ക്രിസ്തു മോചിപ്പിച്ചുവിടുന്നത്.

ആ മാനവികമായ വീക്ഷണമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചിരിക്കുന്നത്. ഇതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ശ്രദ്ധേയനാക്കിയത്. ആഗോളവത്കരണത്തിന്റെ ഈ കാലത്ത് സാമ്പത്തിക അസമത്വത്തിന്നെതിരെ പ്രതികരിക്കുന്ന പാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. അദ്ദേഹം മാര്‍ക്സിസ്റ്റ്‌ വീക്ഷമാണ് പുലര്‍ത്തുന്നത്. സഭയ്ക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല എന്നെയുള്ളൂ. പക്ഷെ മാര്‍ക്സിസവും മാര്‍പാപ്പയും യോജിച്ചിരിക്കുകയാണ്.

സഭയെ ബാധിക്കുന്ന വിഷയം കമ്മ്യൂണിസ്റ്റ് സംഹിതയിലെ മതത്തിന്റെ പ്രശ്നമാണ്. ഏതെങ്കിലും ഒരു പാര്‍ട്ടി കോണ്‍ഗ്രസിന് മതത്തിനോടുള്ള മാര്‍ക്സിസ്റ്റ്‌ കാഴ്ചപ്പാടിനെ മാറ്റി മറിക്കാന്‍ കഴിയില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന് മാര്‍ക്സ് പറഞ്ഞതാണ്. സഭയുടെ കാഴ്ചപ്പാടില്‍ ഭൂമിയിലെ ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ സഭയാണ്. ഈ കാഴ്ചപ്പാടിലാണ് സഭ മുന്നോട്ട് പോകുന്നത്. ഇതില്‍ സഭകള്‍ക്കും മാറ്റം വരുത്താന്‍ കഴിയില്ല. ഇതുകൊണ്ടാണ് മാര്‍പാപ്പയും മാര്‍ക്സിസവും സമാന്തര പാതകളില്‍ സഞ്ചരിക്കുന്നത്.

പാപ്പയുടെ സ്വാധീനം സഭകളില്‍ എക്കാലവും ദൃശ്യമാകുമോ എന്ന് ചോദിച്ചാല്‍ അത് അതാത് കാലത്തുള്ള പാപ്പമാരെ ആശ്രയിച്ചിരിക്കും എന്നേ പറയാനൊക്കൂ. ഇപ്പോള്‍ യൂറോപ്പിലെ പല രാജ്യങ്ങളിലും സഭയുടെ സ്വാധീനം കുറയുന്നുണ്ട്.

സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പള്ളികള്‍ പോലും ശൂന്യമായിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ദൈവവിശ്വാസമുണ്ടോ, സഭയുമായുള്ള ബന്ധം എങ്ങിനെ എന്നതിനപ്പുറം സഭ മുന്നോട്ട് വെയ്ക്കുന്ന എത്തിക്സ് ആന്റ് മൊറാലിറ്റിയില്‍ അവര്‍ക്ക് താത്പര്യമുണ്ട്. സഭയുടെ പ്രബോധനങ്ങള്‍ ആ രീതിയില്‍ അവര്‍ ഉള്‍ക്കൊള്ളുന്നുണ്ട്. കാരണം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വചനങ്ങളും പ്രവൃത്തിയും ഇവരെ ആകര്‍ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് എല്ലാ കാലവും പാപ്പയുടെ സ്വാധീനം നിലനില്‍ക്കുന്നു എന്ന് പറയുന്നത്.

ഇനി പഴയ കാലം പോലുള്ള ഒരു യാഥാസ്ഥിതിക പാപ്പയ്ക്ക്‌ സ്ഥാനമുണ്ടാകില്ല. ആ രീതിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വലിയ തിരുത്തലുകള്‍ വരുത്തിക്കഴിഞ്ഞിരിക്കുന്നു. പേപ്പസിയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിനു തുടക്കമിട്ട പാപ്പ എന്ന നിലയിലാകും ചരിത്രം ഫ്രാന്‍സിസ് മാര്‍പാപ്പയെ വിലയിരുത്തുക –  ക്രിസ്ത്യന്‍ ദര്‍ശനങ്ങളും മാര്‍ക്സിയന്‍ കാഴ്ചപ്പാടുകളും
തമ്മിലുള്ള ഇഴയടുപ്പം മനസിലാക്കി സെബ്യാസ്റ്റ്യന്‍ പോള്‍ പറയുന്നു.