കേരളത്തിലുണ്ടായ നവോത്ഥാന നായകരിൽ പ്രഥമഗണനീയനായ തൈക്കാട്‌ അയ്യാ സ്വാമികൾ

വിപിൻ കുമാർ

“ഇന്ത ഉലകത്തിലെ
ഒരേ ഒരു ജാതി താൻ
ഒരേ ഒരു മതം താൻ
ഒരേ ഒരു കടവുൾ താൻ”’

ഈ സന്ദേശം ലോകർക്ക് നല്കുക മാത്രമല്ല പ്രാവർത്തികമാക്കുക കൂടി ചെയ്ത ആളാണ്‌ തൈക്കാട്‌ അയ്യാ സ്വാമികള്‍ (1814 – 1909). 19-ആം നൂറ്റാണ്ടിൽ കേരളത്തിലുണ്ടായ നവോഥാനനായകരിൽ പ്രഥമഗണനീയനാണ് തൈക്കാട്‌ അയ്യാ (ശിവരാജ യോഗി). ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, അയ്യന്‍കാളി ,കേരളവര്‍മ്മ കോയിത്തമ്പുരാന്‍, സ്വയംപ്രകാശ യോഗിനി, സ്വാതി തിരുനാൾ, രാജാ രവിവർമ, എ. ആർ. രാജരാജ വരമ, തക്കല പീർ മുഹമ്മദ്‌, പേട്ട ഫെർണാണ്ടസ് തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. ആത്മീയതയ്ക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നൽകി, ജാതിയുടേയോ മതത്തിന്‍റേയോ വര്‍ണ്ണവര്‍ഗ്ഗത്തിന്‍റേയോ പേരില്‍ നടന്ന എല്ലാ ചൂഷണങ്ങളേയും വെല്ലുവിളിച്ച യോഗിവര്യനായിരുന്നു ഇദ്ദേഹം. 136 വര്‍ഷം മുന്‍പു തിരുവനന്തപുരത്തെ തൈക്കാടു വച്ചു തൈപ്പൂയ സദ്യക്കു ബ്രാഹ്മണരോടും തന്നോടും ഒപ്പം പുലയ സമുദായത്തില്‍ ജനിച്ച അയ്യങ്കാളിയെ ഒപ്പമിരുത്തി അയിത്തോച്ചാടനത്തിനായി “പന്തി ഭോജനം” ആദ്യമായി ആരംഭിച്ചതു അയ്യാ സ്വാമികളായിരുന്നു. യാഥാസ്ഥിതികരായ സവര്‍ണ്ണര്‍ അദ്ദേഹത്തെ പാണ്ടിപ്പറയന്‍ എന്ന് വിളിച്ച്‌ ആക്ഷേപിച്ചു.

എം. സുബ്ബരായ പണിക്കർ എന്നായിരുന്നു യഥാർത്ഥ പേര് . 1814-ൽ മുത്തുകുമാരന്റെയും രുക്മിണി അമ്മാളുടെയും മകനായി വെള്ളാള സമുദായത്തിൽ മലബാറിലെ പാമ്പുംകാട് എന്ന സ്ഥലത്തു ജനിച്ചു. പിന്നീട് കുടുംബം തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്‌ ജില്ലയിലെ നാകലാപുരത്തേക്കു കുടിയേറി. സച്ചിദാനന്ദ ഗുരു,ചിട്ടി പരദേശി എന്നീ സന്യാസികളായിരുന്നു ഇദ്ദേഹത്തിന്റെ ഗുരുക്കന്മാർ. 16ആം വയസ്സില്‍ ഇവരോടൊപ്പം സുബ്ബരായൻ ലോക പര്യടനത്തിനു പുറപ്പെട്ടു. ബര്‍മ്മ , സിംഗപ്പൂര്‍, പെനാംഗ്‌, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവ സന്ദർശിച്ചു. ഇരുപതാമത്തെ വയസ്സില്‍ നാട്ടില്‍ തിരിച്ചെത്തി. കുറച്ചുകാലം കഴിഞ്ഞു ഗൃഹസ്ഥാശ്രമിയാകണമെന്നും ദിവസേന രണ്ടുനേരവും ശിവപൂജ ചെയ്യണമെന്നും ഉപദേശിച്ചിട്ട്‌ ഗുരുക്കന്മാർ മടങ്ങിപ്പോയി.തമിഴിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന സുബ്ബരായൻ ഇംഗ്ലീഷ് ഭാഷ കൂടി പഠിച്ചു. കൊടുങ്ങല്ലൂരും വില്ലിപുരത്തും പോയി ഭജനമിരുന്നു. മദ്രാസില്‍ നിന്നും 30 മെയില്‍ അകലെയുള്ള പൊന്നേരി ഗ്രാമത്തിലെ കമലമ്മാളെന്ന വെള്ളാള യുവതിയെ അദ്ദേഹം വിവാഹം കഴിച്ചു. താമസ്സിയാതെ മലബാറില്‍ കോഴിക്കോട്ട്‌ മിലിട്ടറി സപ്പൈ്ളസ്‌ വകുപ്പില്‍ സെക്രട്ടറിയായി ജോലി കിട്ടി. സീനിയര്‍ ഓഫീസ്സറായിരുന്ന മഗ്രിഗര്‍ സായിപ്പ്‌ അയ്യാവിന്‍റെ ശിഷ്യനാകയും അദ്ദേഹത്തില്‍ നിന്നും തമിഴ്‌ ഭാഷ പഠിക്കയും ചെയ്തു. മഗ്രിഗര്‍ മലബാര്‍ കളക്ടര്‍ ആയപ്പോഴും തിരുവനന്തപുരത്ത്‌ റസിഡന്‍ഡ്‌ ആയപ്പോഴും, അയ്യാ അദ്ദേഹത്തെ അനുഗമിച്ചു. അയ്യാവിന്‍റെ മാതുലന്‍ ഓതുവാര്‍ ചിദംബരം പിള്ള തിരുവനന്തപുരം രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ചിദംബരപിള്ളയുടെ തൈക്കാട്ടുള്ള വസതിയിൽ താമസമാക്കി. അക്കാലംതൊട്ട് തൈക്കാട് അയ്യാ എന്നറിയപ്പെടാനും ആരംഭിച്ചു.

അരുപോപാദനം, പ്രാണായാമം. ഹഠയോഗം,ശരീര ധർമ്മ ശാസ്ത്രം , ജ്യോതിഷം ,കർമ്മ കാണ്ഢം ( ഇതിലാണ്‌ പ്രതിഷ്ഠാ വിധികൾ) എന്നിവയില്‍ ഇദ്ദേഹത്തിനു അവഗാഹം ഉണ്ടായിരുന്നു. വജ്രസൂചികോപനിഷത്തിന്‍റെ വ്യാഖാനം എല്ലാ ശിഷ്യരേയും അയ്യാ പഠിപ്പിച്ചിരുന്നു.സ്വാതി തിരുനാള്‍ അദ്ദേഹത്തെ ഗുരുവായി വരിച്ചു. സ്വാതി തിരുനാള്‍ വൈകുണ്‌ഠ സ്വാമിയെ തടവിൽ ആക്കിയിരുന്നു. തൈക്കാട്‌ അയ്യാ തന്റെ സ്വാധീനം ഉപയോഗിച്ച് വൈകുണ്‌ഠ സ്വാമിയെ മോചിപ്പിച്ചു.

1873 മുതൽ സമാധിയായ 1909 വരെ 36 വർഷം അയ്യാ തൈക്കട്‌ റസിഡൻസി സൂപ്രണ്ട്‌ ആയിരുന്നു . അതുകൊണ്ട് അദ്ദേഹം “സൂപ്രണ്ട്‌ അയ്യാ” എന്നും അറിയപ്പെടുന്നു.

സ്വാമികളുടെ സമാധിസ്ഥലമായ തൈക്കാട്ടെ വെള്ളാള ശ്മശാനത്തിനടുത്ത്‌ ശിവക്ഷേത്രം നിർമ്മിക്കപ്പെട്ടു. 1943 ൽ പ്രതിഷ്ഠ നടത്തിയത്‌ ചിത്തിര തിരുനാൾ മഹാരാജാവായിരുന്നു. അയ്യാസ്വാമികളുടെ ചിത്രം കനകക്കുന്നു കൊട്ടരത്തിലെ തേവാരപ്പുരയിൽ എല്ലാ ദിവസവും പൂജിക്കപ്പെടുന്നു.

അയ്യാ സ്വാമികളുടെ കൃതികള്‍

ബ്രഹ്മോത്തര കാണ്ഡം
പഴനി വൈഭവം,
രാമായണം പാട്ട്‌,
ഉജ്ജയിനി മഹാകാളി പഞ്ചരത്നം,
തിരുവാരൂര്‍ മുരുകന്‍,
കുമാര കോവില്‍ കുറവന്‍,
ഉള്ളൂരമര്‍ന്ന ഗുഹന്‍,
രാമായണം സുന്ദര കാണ്ഡം
ഹനുമാന്‍ പാമലൈ,
എന്‍റെ കാശി യാത്ര