കേരളം സന്തോഷ് ട്രോഫിയില്‍ നിന്ന് പുറത്ത്

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് തലകുനിച്ച്‌ മടക്കം. കഴിഞ്ഞ തവണ ബംഗാളി ചെന്ന് കിരീടവും ഉയര്‍ത്തി വന്ന കേരളം ഇത്തവണ ഫൈനല്‍ റൗണ്ട് പോലും കാണാതെയാണ് മടങ്ങുന്നത്‌. ഇന്ന് നടന്ന യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ സര്‍വീസസിനോട് തോറ്റതോടെയാണ് കേരളത്തിന്റെ വിധി തീരുമാനമായത്. ആദ്യ രണ്ടു മത്സരങ്ങളില്‍ സമനില വഴങ്ങിയപ്പോള്‍ തന്നെ കേരളത്തിന്റെ പ്രതീക്ഷകള്‍ മങ്ങിയിരുന്നു. എന്നിട്ടും ഗ്രൂപ്പിലെ മറ്റു ഫലങ്ങള്‍ കേരളത്തെ തുണച്ചു.

ഇന്ന് രാവിലെ കേരളത്തിന്റെ ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ പോണ്ടിച്ചേരി തെലുങ്കാനയെ സമനിലയില്‍ പിടിച്ചതോടെ കേരളത്തിന്റെ ഫൈനല്‍ റൗണ്ട് പ്രതീക്ഷ സജീവമായിരുന്നു. ഇന്ന് സര്‍വീസസിനെ നേരിടുമ്ബോള്‍ ഒരു 2 ഗോള്‍ വിജയം മാത്രം മതിയായിരുന്നു കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ എത്താന്‍. എന്നാല്‍ അതു ചെയ്യാന്‍ കേരളത്തിനായില്ല.

എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം സര്‍വീസസിന്റെ കയ്യില്‍ നിന്ന് വാങ്ങനുള്ള കളിയേ കേരളം കളിച്ചുള്ളൂ. രണ്ടാം പകുതിയില്‍ ആയിരുന്നു സര്‍വീസസിന്റെ വിജയ ഗോള്‍ പിറന്നത്. ഗോളിന് പിറകെ കേരളത്തിന്റെ അലക്സ് സജി ചുവപ്പ് കണ്ടത് കളിയില്‍ കേരളത്തിന് തിരിച്ചുവരാനുള്ള സാധ്യതയും ഇല്ലാതെയാക്കി.

ആറു പോയന്റോടെ സര്‍വീസസ് ആണ് കേരളത്തിന്റെ ഗ്രൂപ്പില്‍ നിന്ന് ഫൈനല്‍ റൗണ്ടില്‍ കടന്നത്. 5 പോയന്റുമായി തെലുങ്കാന രണ്ടാമതും എത്തി. പോണ്ടിച്ചേരിക്കും കേരളത്തിനും 2 പോയന്റു മാത്രമെ ഉള്ളൂ. വിജയം പോയിട്ട് ഒരു ഗോള്‍ വരെ കേരളത്തിന് അടിക്കാന്‍ കഴിഞ്ഞില്ല എന്നത് കേരളത്തിന്റെ ദയനീയ പ്രകടനമാണ് കാണിക്കുന്നത്.