കേരളം ഭയന്ന നിപാക്കാലം; ‘വൈറസ്’ ട്രെയിലര്‍, ട്രെന്‍ഡിങ്ങില്‍ ഒന്നാമത്‌

കേരളം സധൈര്യം അതിജീവിച്ച നിപാകാലത്തിന്റെ കഥ പറയുന്ന ചിത്രം വൈറസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദോഹയിലെ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹ്‌സിന്‍ പരാരിയും സുഹാസും ഷറഫുവും ചേര്‍ന്നാണ്. രാജീവ് രവിയാണ് ക്യാമറ. രേവതി, ആസിഫ് അലി, ടൊവിനോ തോമസ്, ഇന്ദ്രജിത്, കുഞ്ചാക്കോ ബോബന്‍, റിമ,പാര്‍വതി,രമ്യ നമ്പീശന്‍, സൗബിന്‍, ചെമ്പന്‍ വിനോദ്, റഹ്മാന്‍, ദിലീഷ് പോത്തന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

അതിഥി വേഷത്തില്‍ ഫഹദ് ഫാസിലും ഉണ്ടെന്നാണ് സൂചന. സുഷിന്‍ ശ്യാമാണ് സംഗീതം. മായനദിയുടെ വിജയത്തിനുശേഷം ആഷിഖ് അബു ഒരുക്കുന്ന വൈറസ് ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്.